തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റിലെങ്കിലും സിഎംപി മത്സരിക്കുമെന്ന് സിപിജോൺ. സുരക്ഷിതമായ ഒരു സീറ്റ് സിഎംപിക്ക് വേണമെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായുള്ള ചര്‍ച്ചയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സിഎംപി നേതാവ് സിപി ജോൺ പറഞ്ഞു. താരിഖ് അൻവറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു പ്രതികരണം. 

മറ്റ് രാഷ്ട്രീയ കക്ഷികളുടെ നേതൃപ്രശ്നം പൊതു രാഷ്ട്രീയ വിഷയമാക്കരുത്. എല്ലാവരേയും തുല്യമായി പരിഗണിക്കണമെന്ന ആവശ്യമാണ് സിഎംപി മുന്നോട്ട് വച്ചതെന്നും സിപി ജോൺ അറിയിച്ചു. അതാത് പാർട്ടികളുടെ നേതാക്കളെ അതാത് പാർട്ടികൾ തീരുമാനിക്കും. യുഡിഎഫിൽ എല്ലാ ഘടകക്ഷികൾക്കും തുല്യരായി പരിഗണിക്കുകയാണ് വേണ്ടതെന്നും സിപി ജോൺ ആവശ്യപ്പെട്ടു. 

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെര‍ഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രശ്ന പരിഹാര ചര്‍ച്ചകൾക്കായി ഹൈക്കമാന്‍റ് പ്രതിനിധികൾ കേരളത്തിലെത്തിയത്. കോൺഗ്രസ് നേതാക്കളുടെ അഭിപ്രായങ്ങൾ കേട്ട താരിഖ് അൻവര്‍ ഇന്ന് ഘടകക്ഷികളുമായാണ് ചര്‍ച്ച നടത്തുന്നത്. സിഎംപിയുമായി ആയിരുന്നു ആദ്യ കൂടിക്കാഴ്ച.