മാസപ്പടി കേസിൽ നിര്‍ണായക നടപടിയുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. എസ്എഫ്ഐ കുറ്റപത്രത്തിന്‍റെ പകര്‍പ്പ് ലഭിക്കാൻ കോടതിയിൽ അപേക്ഷ നൽകി.
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ പ്രാരംഭ അന്വേഷണം തുടങ്ങി എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്. ഇതിനുമുന്നോടിയായി എസ്എഫ്ഐഒ കുറ്റപത്രത്തിന്‍റെ പകർപ്പിനായി കൊച്ചിയിലെ പ്രത്യേക കോടതിയിൽ അപേക്ഷ നൽകി. പകർപ്പ് ലഭ്യമാകുന്നതോടെ എസ്എഫ്ഐഒ കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തിൽ ഇഡി തുടർ നടപടി സ്വീകരിക്കും.
മുഖ്യമന്ത്രിയുടെ മകൾ വീണ തൈക്കണ്ടിയിൽ, സിഎംആർഎൽ എംഡി ശശിധരൻ കർത്ത തുടങ്ങിയവർക്കെതിരെയാണ് എസ്എഫ്ഐഒ കുറ്റപത്രം. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ നൽകിയ ഈ കുറ്റപത്രത്തിന്‍റെ പകർപ്പിനായാണ് ഇഡി പബ്ലിക് പ്രോസിക്യൂട്ടർ അപേക്ഷ നൽകിയത്. കഴിഞ്ഞ വർഷം മാസപ്പടി ഇടപാട് പുറത്ത് വന്നപ്പോൾ തന്നെ പ്രാരംഭ അന്വേഷണം ഇഡി നടത്തിയിരുന്നു.
എന്നാൽ, രജിസ്ട്രാർ ഓഫ് കമ്പനീസ് റിപ്പോർട്ട് അല്ലാതെ മറ്റൊരു കണ്ടെത്തലും ആ ഘട്ടത്തിൽ ഇഡിക്ക് മുന്നിലുണ്ടായിരുന്നില്ല. ഏത് ഇടപാടിലും സ്വമേധയാ കേസെടുക്കാൻ ഇഡിക്ക് സാധിക്കില്ല. കേന്ദ്ര -സംസ്ഥാന അന്വേഷണ ഏജൻസികൾ രജിസ്റ്റർ ചെയ്ത കേസുകളിലാണ് കള്ളപ്പണ നിരോധന നിയമപ്രകാരം ഇഡി കേസെടുക്കുക. എസ്എഫ്ഐഒ കുറ്റപത്രം വീണ ടി, ശശിധരൻ കർത്ത തുടങ്ങിയവർക്കെതിരെ കമ്പനി ചട്ടത്തിലെ 447 പ്രകാരമുള്ള വകുപ്പാണ് ചുമത്തിയിരിക്കുന്നത്. വഞ്ചന കുറ്റത്തിന്‍റെ പരിധിയിൽ വരുന്ന ഈ വകുപ്പിന്‍റെ അടിസ്ഥാനത്തിലാകും കള്ളപ്പണനിരോധന നിയമപ്രകാരം ഇഡിയുടെ തുടർനടപടികളുണ്ടാകുക.
കഴിഞ്ഞ 26ആം തിയതിയാണ് കൊച്ചിയിലെ പ്രത്യേക കോടതിയിൽ എസ്എഫ്ഐഒ കുറ്റപത്രം നൽകിയത്. 182 കോടിയുടെ രൂപയുടെ വെട്ടിപ്പ് സിഎംആര്‍എല്ലിൽ നടന്നെന്നാണ് എസ്എഫ്ഐഒ കണ്ടെത്തൽ. ഈ കുറ്റപത്രത്തിന്‍റെ സൂക്ഷ്മ പരിശോധന വിചാരണ കോടതിയിൽ തുടരുകയാണ്. ഇത് പൂർത്തിയാക്കി, വരും ദിവസങ്ങളിൽ പകർപ്പ് ലഭ്യമാകുന്നതോടെ എസ്എഫ്ഐഒ കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തിൽ ഇഡി തുടർനടപടി സ്വീകരിക്കും. നിലവിൽ സിഎംആർഎല്ലിനെതിരെ ഇഡി കേസെടുക്കുന്നതിന്‍റെ ഭാഗമായി ഇസിഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിനെതിരെ സിഎംആർഎൽ നൽകിയ ഹർജി കോടതിയുടെ പരിഗണനയിലാണ്.

