ജില്ലാ സമ്മേളന വേദിയിൽ നിന്നും മുതിർന്ന നേതാവ് ഇറങ്ങിപ്പോയത് സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തിൽ നാടകീയരംഗങ്ങൾ സൃഷ്ടിച്ചു. ജില്ലാ കമ്മിറ്റി അംഗമായിരുന്ന പി.എൻ.ബാലകൃഷ്ണനാണ് സമ്മേളനവേദിയിൽ നിന്നും ഇറങ്ങിപ്പോയത്.
കളമശ്ശേരി: സിപിഎം എറണാകുളം (CPIM ERNAKULAM) ജില്ലാ സെക്രട്ടറിയായി സി.എൻ.മോഹനനെ (CN Mohanan) വീണ്ടും തെരഞ്ഞെടുത്തു. കളമശ്ശേരിയിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിലാണ് ജില്ലാ സെക്രട്ടറിയായ മോഹനൻ രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ടത്. 46 അംഗ പാനലാണ് സമ്മേളനത്തിൽ അവതരിപ്പിച്ചത്. 46 അംഗ ജില്ലാ കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു. ഇതിൽ 13 പേർ പുതുമുഖങ്ങളാണ്. ജില്ലാ കമ്മിറ്റിിൽ ആറ് പേർ സ്ത്രീകളാണ്.
അതേസമയം ജില്ലാ സമ്മേളന വേദിയിൽ നിന്നും മുതിർന്ന നേതാവ് ഇറങ്ങിപ്പോയത് സിപിഎം സമ്മേളനത്തിൽ നാടകീയരംഗങ്ങൾ സൃഷ്ടിച്ചു. ജില്ലാ കമ്മിറ്റി അംഗമായിരുന്ന പി.എൻ.ബാലകൃഷ്ണനാണ് സമ്മേളനവേദിയിൽ നിന്നും ഇറങ്ങിപ്പോയത്. തന്നേയും ചില നേതാക്കളേയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താതതിൽ പ്രതിഷേധിച്ചതാണ് പി.എൻ.ബാലകൃഷ്ണൻ ഇറങ്ങിപ്പോയത്.
യാതൊരു കാരണവും പറയാതെയാണ് തന്നെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയതെന്നും ഇതിൽ പ്രതിഷേധിച്ചാണ് താൻ ഇറങ്ങി പോയതെന്നും പി.എൻ.ബാലകൃഷ്ണൻ പറഞ്ഞു. സമ്മേളന വേദിയിൽ പുതിയ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ പാനൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് പി.എൻ ബാലകൃഷ്ണൻ പ്രതിഷേധവുമായി വേദിയിൽ എത്തുകയും താൻ ഇറങ്ങിപ്പോകുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കം വേദിയിലിരിക്കെയായിരുന്നു ബാലകൃഷ്ണൻ്റെ പ്രതിഷേധം.
പാർട്ടി അംഗമായി ഇനി തുടരാൻ താത്പര്യമില്ലെന്നും അനുഭാവിയായി മുന്നോട്ട് പോകുമെന്നും ബാലകൃഷ്ണൻ പറഞ്ഞു. ഇതേക്കാര്യം സമ്മേളന പരിപാടിയിൽ അറിയിച്ചെന്നും ബാലകൃഷ്ണൻ വ്യക്തമാക്കി. 69 കാരനായ എനിക്ക് യാതൊരു ആരോഗ്യപ്രശ്നങ്ങളുമില്ല, എന്നെ ഒഴിവാക്കിയതിന് നേതൃത്വത്തിന് കാരണവും പറയാൻ ഇല്ല - ബാലകൃഷ്ണൻ പറഞ്ഞു. അതേസമയം ചിലർ ഒഴിവായാൽ മാത്രമേ പുതുമുഖങ്ങൾക്ക് നേതൃത്വത്തിലേക്ക് വരാനാവൂ എന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ പറഞ്ഞു.
അതേസമയം സിപിഎം വയനാട് ജില്ലാ സെക്രട്ടറിയായി പി.ഗഗാറിനെ ജില്ലാ സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയിൽ 27 അംഗങ്ങളെ സമ്മേളനം ഉൾപ്പെടുത്തി. 27 അംഗ ജില്ലാ കമ്മിറ്റിയിൽ മൂന്ന് പേർ വനിതകളാണ്. ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയവരിൽ ഒൻപത് പേർ പുതുമുഖങ്ങളാണ്. ഏരിയ കമ്മിറ്റി സമ്മേളനങ്ങളിൽ വിവിധ വിഷയങ്ങളിൽ വ്യാപകമായ വിമർശനങ്ങളും സംവാദങ്ങളും ഉണ്ടായെങ്കിലും ജില്ലാ സമ്മേളനത്തിലേക്ക് വന്നപ്പോൾ സമവായമുണ്ടാക്കി പുനസംഘടന പൂർത്തിയാക്കാൻ സാധിച്ച ആശ്വാസത്തിലാണ് നേതൃത്വം.
ആശ്വാസത്തിലാണ് നേതൃത്വം.
