മാത്യു കുഴൽനാടനെതിരെ ആരോപണത്തിൽ നിന്ന് പുറകോട്ട് പോയിട്ടില്ല: വിശദീകരിച്ച് സിഎൻ മോഹനൻ
'കേസ് കാണാത്ത ആളല്ല സിഎൻ മോഹനൻ. കേസ് കാണിച്ച് പേടിപ്പിക്കുകയും വേണ്ട'

കൊച്ചി: മൂവാറ്റുപുഴ എംഎൽഎയും കോൺഗ്രസ് നേതാവുമായ മാത്യു കുഴൽനാടനെതിരെ ഉന്നയിച്ച ആരോപണത്തിൽ നിന്ന് പുറകോട്ട് പോയിട്ടില്ലെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ. നിലപാടിൽ നിന്ന് പിന്നാക്കം പോയത് മാത്യു കുഴൽനാടനാണ്. മാത്യു കുഴൽനാടന്റെ വരുമാനത്തിലുണ്ടായ വലിയ വർദ്ധനവാണ് താൻ ചൂണ്ടിക്കാണിച്ചത്. മാത്യു കുഴൽനാടൻ തനിക്ക് വക്കീൽ നോട്ടീസ് അയച്ചിട്ടില്ലെന്നും മോഹനൻ വിശദീകരിച്ചു.
കെഎംഎൻബി കമ്പനിക്കെതിരെ താനൊരു ആരോപണവും ഉന്നയിച്ചിട്ടില്ല. മാത്യു കുഴൽനാടനെതിരെയുള്ള ആരോപണങ്ങൾക്കെല്ലാം രേഖകളുണ്ട്. തനിക്ക് അനധികൃതമായി ഉണ്ടെന്ന് മാത്യു കുഴൽനാടൻ പറഞ്ഞ കോടികളുടെ സ്വത്ത് എവിടെയാണ് ഉള്ളതെന്ന് പറയൂ. കേസ് കാണാത്ത ആളല്ല സിഎൻ മോഹനൻ. കേസ് കാണിച്ച് പേടിപ്പിക്കുകയും വേണ്ട. കെഎംഎൻബി കമ്പനിയുമായി തനിക്ക് തർക്കമില്ല. പറഞ്ഞതിൽ കുത്തും കോമയും മാറിയിട്ടുണ്ടാകുമെന്നും അതിലാണ് ഇപ്പോൾ ചർച്ച നടക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
കെ.എംഎൻബി കമ്പനിക്ക് ദുബൈയിൽ ശാഖയുണ്ടെന്ന് താൻ പറഞ്ഞിട്ടില്ല. ദുബൈയിൽ മാത്യു കുഴൽ നാടൻ പണം മുടക്കിയതിനെ കുറിച്ചാണ് ആരോപണം ഉന്നയിച്ചത്. അതിൽ ഉറച്ചുനിൽക്കുന്നുണ്ടെന്നും സിപിഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
Asianet News Live | Kerala News | Latest News Updates | ഏഷ്യാനെറ്റ് ന്യൂസ്