കവരത്തി: ശ്രീലങ്കയില്‍ നിന്നും ഐഎസ് ചാവേറുകള്‍ ബോട്ട് മാര്‍ഗ്ഗം വരുന്നുവെന്ന വിവരത്തെ തുടര്‍ന്ന് കേരള-ലക്ഷദ്വീപ് തീരത്ത് കര്‍ശന സുരക്ഷയൊരുക്കി കോസ്റ്റ് ഗാര്‍ഡ്. ലക്ഷദ്വീപിനും മിനിക്കോയ് ദ്വീപിനും ചുറ്റും കോസ്റ്റ് ഗാര്‍ഡിന്‍റെ കപ്പലുകളെ വിന്യസിച്ചു. മേഖലയില്‍ കോസ്റ്റ്ഗാര്‍ഡ് വിമാനങ്ങള്‍ ഇപ്പോള്‍ നിരീക്ഷണം നടത്തി കൊണ്ടിരിക്കുകയാണ്.

കോസ്റ്റ് ഗാര്‍ഡിനെ കൂടാതെ ഇന്ത്യന്‍ നാവികസേനയും തീരദേശ പൊലീസും കടലില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ലക്ഷദ്വീപ് തീരങ്ങളിൽ തീര സംരക്ഷണ സേനയുടെ കപ്പലുകള്‍ നിരീക്ഷണം ഊർജ്ജിമാക്കിയതോടെ കേരള- തമിഴ്നാട് തീരത്തേക്ക് ഇവർ എത്താനുള്ള സാധ്യതയാണ് കേന്ദ്ര- സംസ്ഥാന ഏജൻസികള്‍ കാണുന്നത്. കടലോര ജാഗ്രത സമിതി പ്രവർത്തകരും നിരീക്ഷണത്തിന് സഹായിക്കുന്നുണ്ട്.  ദുരൂഹസാഹചര്യത്തില്‍ കാണുന്ന ബോട്ടുകളെ നിരീക്ഷിക്കുകയും വിവരം അറിയിക്കുകയും വേണമെന്ന് കോസ്റ്റ് ഗാര്‍ഡും പൊലീസും മത്സ്യത്തൊഴിലാളികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

മിനിക്കോയ് ദ്വീപ് കേന്ദ്രീകരിച്ചാണ് കോസ്റ്റ് ഗാര്‍ഡ് കപ്പലുകളുടെ തെരച്ചില്‍ നടക്കുന്നത്. മെയ് 23-ന് ശ്രീലങ്കന്‍ കോസ്റ്റ് ഗാര്‍ഡ് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് തീരത്ത് നിരീക്ഷണം ശക്തമാക്കിയത്. വെള്ള നിറമുള്ള ബോട്ടുകളില്‍ 15-ഓളം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ലക്ഷദ്വീപ് ലക്ഷ്യമാക്കി നീങ്ങുന്നുവെന്നായിരുന്നു ലങ്കന്‍ കോസ്റ്റ് ഗാര്‍ഡ് നല്‍കിയ വിവരം. 

ശ്രീലങ്കയില്‍ ചാവേര്‍ ആക്രമണം നടന്നത് മുതല്‍ ലങ്കന്‍-ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ഞങ്ങള്‍ ശക്തമായ നിരീക്ഷണം നടത്തുന്നുണ്ട്. ജാഗ്രത പാലിക്കണമെന്ന് മത്സ്യത്തൊഴിലാളികളോടും ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഇത്തവണ കൃത്യമായ ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇക്കാര്യം വിവിധ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനുകളിലും തീരമേഖലയിലെ ജില്ലാ പൊലീസ് മേധാവികളേയും അറിയിച്ചിട്ടുണ്ട്. തീരത്ത് അസ്വാഭാവികമായി കാണുന്ന ബോട്ടുകളെ നിരീക്ഷിക്കാന്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. - കോസ്റ്റ് ഗാര്‍ഡിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശ്രീലങ്കന്‍ സ്ഫോടന പരമ്പരയ്ക്ക് പിന്നാലെ ഐഎസ് തീവ്രവാദികള്‍ കേരളം ലക്ഷ്യമിടുന്നുവെന്ന് എന്‍ഐഎ നേരത്തെ കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ഒരു വെള്ള ബോട്ട് തമിഴനാട് തീരത്തേക്ക് യാത്പര ചെയ്യുന്നതായുള്ള വിവരം തീരസംരക്ഷണ സേനക്ക് പൊലീസ് കൈമാറിയിരുന്നു. തീരസംരക്ഷണ സേനയുടെ നിരീക്ഷണ കപ്പൽ ബോട്ടിലുണ്ടായിരുന്നവരെ കസ്റ്റഡയിലെടുത്തു. കൊച്ചിയിൽ നിർമ്മിച്ച ബോട്ട് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നതായി രേഖകളിൽ നിന്നും വ്യക്തമായതോടയാണ് ചോദ്യം ചെയ്യലിന് ശേഷം ഇവരെ വിട്ടയച്ചത്. തീരസംരക്ഷണ സേനയുടെ ഡോണിയർ വിമാനങ്ങളും നിരീക്ഷണം നടത്തുന്നുണ്ട്.