Asianet News MalayalamAsianet News Malayalam

പ്രചാരണം പൊടിപൊടിച്ച് മുന്നണികൾ, കടൽ പോലെ പ്രവചനാതീതം തിരുവനന്തപുരത്തിന്റെ തീരം

എന്നും തുണയായ തീരദേശത്ത് ഇത്തവണ തരൂരിന് ഒരുപാട് വെല്ലുവിളികളുണ്ട്. തീരത്തെ കോൺഗ്രസ് വോട്ടിൽ വിള്ളൽ വീഴ്ത്താനാണ് രാജീവ് ചന്ദ്രശേഖറിൻറെയും പന്ന്യൻ രവീന്ദ്രൻറെയും പ്രധാന ശ്രമം

coastal belt yet to made mind for candidates in Thiruvananthapuram constituency and candidates in huge expectations  etj
Author
First Published Mar 19, 2024, 10:31 AM IST

തിരുവനന്തപുരം: ശക്തമായ ത്രികോണപ്പോര് നടക്കുന്ന തിരുവനന്തപുരത്ത് ഇത്തവണയും നിർണ്ണായകമാകുക തീരത്തെ വോട്ടുകൾ. എന്നും തുണയായ തീരദേശത്ത് ഇത്തവണ തരൂരിന് ഒരുപാട് വെല്ലുവിളികളുണ്ട്. തീരത്തെ കോൺഗ്രസ് വോട്ടിൽ വിള്ളൽ വീഴ്ത്താനാണ് രാജീവ് ചന്ദ്രശേഖറിൻറെയും പന്ന്യൻ രവീന്ദ്രൻറെയും പ്രധാന ശ്രമം. 2009ൽ ലാൻഡ് ചെയ്തത് മുതൽ വിശ്വപൗരൻറെ തട്ടകമാണ് തീരമണ്ഡലങ്ങൾ. 2014ൽ ഒ.രാജഗോപാലിൻെ കടുത്ത വെല്ലുവിളിയെ മറികടന്നത് കോവളത്തെയും പാറശ്ശാലയിലെയും നെയ്യാറ്റിൻകരയിലെയും തീരവോട്ടുകളുടെ ബലത്തിലാണ്. 

കഴിഞ്ഞ തവണത്തെ വമ്പൻ ഭൂരിപക്ഷത്തിൻറെ അടിത്തറയും തീരമണ്ഡലങ്ങളിലെ കുറ്റൻ ലീഡായിരുന്നു. നാലാം അങ്കത്തിനിറങ്ങുമ്പോൾ ശക്തികേന്ദ്രത്തിൽ തരൂരിൻറെ ആശങ്ക ഉണ്ടാക്കുന്നത് വിഴിഞ്ഞം സമരകാല നിലപാട്. പുനരധിവാസമെന്ന ആവശ്യത്തിനൊപ്പം നിന്നെങ്കിലും തുറമുഖത്തിൻറെ പണി നിർത്തണമെന്ന ലത്തീൻ അതിരൂപത വാദത്തോട് തരൂർ യോജിച്ചിരുന്നില്ല. എതിർപ്പ് ഉയർത്തിയ മതമേലധ്യക്ഷന്മാരുമായുള്ള അനുനയശ്രമത്തിലാണ് തരൂരിൻറെ എല്ലാ പ്രതീക്ഷയും.

ന്യൂനപക്ഷധ്വംസനം ആവർത്തിച്ചുള്ള ലത്തീൻ സഭ സർക്കുലറിലും സമരകാലത്തെ പൊലീസ് നടപടികളിൽ സംസ്ഥാന സർക്കാറിനോടുള്ള എതിർപ്പിലും യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ ആശ്വാസം കണ്ടെത്തുന്നു. രണ്ടു തവണയും സീറ്റ് പോവാൻ കാരണം തീരത്തെ ന്യൂനപക്ഷ വോട്ടുകളാണെന്ന് തിരിച്ചറിഞ്ഞാണ് ഇത്തവണത്തെ ബിജെപി പ്ലാൻ. മതമേലധ്യക്ഷന്മാരെ കണ്ടായിരുന്നു രാജീവ് ചന്ദ്രശേഖറിൻറെ തുടക്കം. പുലിമുട്ട് നിർമ്മാണത്തിലടക്കം തീരത്തെ അടിസ്ഥാന ആവശ്യങ്ങളിൽ സമയബന്ധിതമായ പരിഹാരപാക്കേജുമായാണ് തീരം കേന്ദ്രീകരിച്ചുള്ള രാജീവ് ചന്ദ്രശേഖറിൻറെ പ്രചാരണം. 

ഹമാസ് വിരുദ്ധ പരാമർശം ഉന്നയിച്ച് തരൂരിനെയും സിഎഎ-മണിപ്പൂർ വിഷയങ്ങൾ പരാമർശിച്ച് രാജീവ് ചന്ദ്രശേഖറിനെയും നേരിട്ടാണ് പന്യൻ രവീന്ദ്രൻറെ തീരത്തെ പ്രചാരണം. വൈകിയെങ്കിലും വിഴിഞ്ഞം പുനരധിവാസം തീർത്തതോടെ സംസ്ഥാന സർക്കാറിനോടുള്ള കടുത്ത എതിർപ്പ് ഇല്ലാതായെന്നാണ് പ്രതീക്ഷ. ഒപ്പം 15 വർഷം സിറ്റിംഗ് എംപി തീരത്ത് ഒന്നും ചെയ്തിട്ടില്ലെന്നുമാണ് പന്യൻറ വിമർശനം. മുന്നണികൾ ഇളക്കിമറിക്കുമ്പോഴും തീരം കടൽ പോലെ പ്രവചനാതീതമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios