Asianet News MalayalamAsianet News Malayalam

തീരദേശ പരിപാലന ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിൽ വീഴ്ചയെന്ന് പ്രതിപക്ഷം: നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി

 വിഷയം സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അനുമതി തേടിയെങ്കിലും മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി പോയി. 

Coastal regulation zone action plan
Author
Thiruvananthapuram, First Published Oct 12, 2021, 11:44 AM IST

തിരുവനന്തപുരം: തീരദേശ പരിപാലന ആക്ഷൻ (Coastal regulation zone) പ്ലാൻ തയ്യാറാകുന്നതിലെ വീഴ്ച നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. വിഷയം സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അനുമതി തേടിയെങ്കിലും മുഖ്യമന്ത്രിയുടെ (Chief minister pinarayi vijayan) മറുപടിയെ തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി പോയി. 

തീരദേശ പരിപാലന ആക്ഷൻ പ്ലാൻ തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിക്കാൻ വിദഗ്ദ്ധസമിതി രൂപീകരിച്ചത് ജൂലൈയിൽ മാത്രമാണെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിച്ച കോൺ​ഗ്രസ് എംഎൽഎ കെ.ബാബു (K.babu MLA) പറഞ്ഞു. സർക്കാർ ലാഘവ ബുദ്ധിയോടെയാണ് ഇതൊക്കെ കാണുന്നത്. കൊറോണക്ക് മുൻപ് ഇതിനായി വിജ്ഞാപനം ഇറക്കിയത് 2019-ലാണ്. ഇക്കാര്യത്തിൽ സർക്കാരിന് വീഴ്ച പറ്റി. ആക്ഷൻ പ്ലാൻ എപ്പോൾ പൂർത്തിയാക്കുമെന്ന് ഇപ്പോഴും സ‍ർക്കാർ പറയുന്നില്ല. 

തീരദേശത്ത് ലൈഫ് പദ്ധതി ഉൾപ്പെടെ വീട് നിർമ്മാണം നിലച്ച അവസ്ഥയാണ്. ആയിരത്തി അറുന്നൂറോളം അപേക്ഷകൾ ഇതിനകം തള്ളിപ്പോയിട്ടുണ്ട്. സംസ്ഥാനത്തെ 70 നിയോജക മണ്ഡലത്തിലെ ജനങ്ങളെ ബാധിക്കുന്ന കാര്യമാണിത്. അതിലാണ് സ‍ർക്കാർ ​ഗുരുതര വീഴ്ച വരുത്തിയതെന്നും കെ.ബാബു കുറ്റപ്പെടത്തി.  

അതേസമയം  പഴയ കാലം വേട്ടയാടുന്നതു കൊണ്ടാകാം പ്രതിപക്ഷം ഇപ്പോൾ സർക്കാരിനെ കുറ്റപ്പെടുത്തുന്നതെന്ന് ബാബുവിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര വിജ്ഞാപനത്തിന്റെ മാർഗ്ഗരേഖ സ‍ർക്കാരിന് കിട്ടിയത് 2019 ജൂണിലാണ്.  കരട് രേഖക്ക് ഭൗമശാസ്ത്ര പഠന കേന്ദ്രത്തെ ആഗസ്റ്റിൽ തന്നെ ചുമതലപ്പെടുത്തി.  അവരുടെ റിപ്പോർട്ട് 2021 ഏപ്രിലിലാണ് കിട്ടിയത്. അതിലെ പോരായ്മ പരിഹരിക്കാനാണ് വിദഗ്ധ സമിതിയെ നിയോഗിച്ചത്. ഇക്കാര്യത്തിൽ കാലതാമസം വന്നിട്ടില്ല.  2011 ൽ പുറത്തിറങ്ങിയ തിരദേശ വിജ്ഞാപനത്തിൽ 5 വർഷം ഭരിച്ച യുഡിഎഫ് സർക്കാർ പ്ലാൻ തയ്യാറാക്കിയില്ല. ഇക്കാര്യത്തിൽ കെ.ബാബുവിന് കുറ്റബോധം ഉണ്ടാകാം. ആക്ഷൻ പ്ലാൻ സമയബന്ധിതമായി പൂർത്തീകരിക്കും. ഇക്കാര്യത്തിൽ ആശങ്ക വേണ്ട. പരിസ്ഥിതി സൗഹൃദനയമാണ് സർക്കാരിൻ്റേതെന്നും പിണറായി പറഞ്ഞു.

കരട് പ്ലാൻ തയ്യാറാക്കി നടപടി ക്രമങ്ങൾ പൂർത്തിയാക്കണം. ഏറെ സമയം വേണ്ട പ്രക്രിയയാണിത്. 2011-ലെ വിജ്ഞാപനത്തിന് 8 വർഷം വേണ്ടി വന്നു. ഇക്കാര്യത്തിൽ പബ്ളിക് ഹിയറിംഗ് അനിവാര്യമാണ്. എന്നാൽ ഈ നടപടികളെല്ലാം പൂ‍ർത്തീകരിക്കാൻ  കൊവിഡ് വ്യാപനം തടസ്സമായി. സാഹചര്യം മെച്ചപ്പെട്ടാൽ ഈ നടപടിക്രമങ്ങൾ വേഗത്തിലാക്കും. കരട് പ്ലാനിലെ പോരായ്മകൾ പരിഹരിക്കാൻ മൂന്നംഗ വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്.  അവരുടെ നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. കരട് തയ്യാറായി കഴിഞ്ഞാൽ 10 ജില്ലകളിലും പബ്ളിക് ഹിയറിംഗ് നടത്തും. ഇക്കാര്യത്തിൽ  സർക്കാർ കാലതാമസം വരുത്തിയിട്ടില്ല. സഭ നിർത്തി വച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. 

അതേസമയം സന്തുലിതമായ വികസനമാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.  2011-ലെ അപാകത പരിഹരിച്ച വിജ്ഞാപനമാണ് 2019 ലേത് അതിലാണ് ചർച്ച നടക്കുന്നത്. ആ വിജ്ഞാപനത്തിൽ മുൻപ് ഭരിച്ച യുഡിഎഫ് സർക്കാർ എന്തു ചെയ്യാനാണ്. 2019 ലെ വിജ്ഞാപനത്തിൽ പ്ലാൻ തയ്യാറാക്കി അംഗീകാരം നേടേണ്ടിയിരുന്നത് ഈ സർക്കാരാണ്. ആറ് മാസം കൊണ്ട് കൊടുക്കേണ്ടിയിരുന്ന പ്ലാൻ മൂന്ന് വർഷമായിട്ടും കൊടുത്തിട്ടില്ല. കൊവിഡ് കാലമായിട്ടും മഹാരാഷ്ട്ര അടക്കുള്ള സംസ്ഥാനങ്ങൾ പ്ലാൻ സമർപ്പിച്ചു. സർക്കാരിന്റെ അനാസ്ഥയും ശ്രദ്ധയില്ലായ്മയുമാണ് ഇതിൽ കാണുന്നത്. ഇക്കാര്യത്തിൽ കഴിഞ്ഞ സർക്കാരിനെ കുറ്റപ്പെടുത്തുന്നതിൽ അടിസ്ഥാനമില്ലെന്നും സതീശൻ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios