ചെരിപ്പ് കച്ചവടത്തിനായി ഉപയോഗിച്ചിരുന്ന കെട്ടിടത്തില്‍ നിന്നും രാസലഹരിയും ഉപകരണങ്ങളുമായി അഞ്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട്: ചെരിപ്പ് കച്ചവടത്തിനായി ഉപയോഗിച്ചിരുന്ന കെട്ടിടത്തില്‍ നിന്നും രാസലഹരിയും ഉപകരണങ്ങളുമായി അഞ്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചെറുവണ്ണൂര്‍ മധുരബസാറിലാണ് സംഭവം. ഫറോക്ക് ചന്ത സ്വദേശി ആഷിക്(31), മുഹമ്മദ് ആദില്‍(27), ജാസിര്‍(27), മുഹമ്മദ് ജാസിര്‍(22), മന്‍സൂര്‍(36) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുള്‍ കരീമിന്‍റെ നേതൃത്വത്തിലുള്ള സിറ്റി ഡാന്‍സാഫും നല്ലളം ഇന്‍സ്‌പെക്ടര്‍ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള നല്ലളം പൊലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.

Add Asianetnews as a Preferred SourcegooglePreferred

122.72 ഗ്രാം എംഡിഎംഎയും മയക്കുമരുന്ന് ഉപയോഗത്തിനായുള്ള മൂന്ന് ഗ്ലാസ് ടംബ്ലറുകളും ഇലക്ടോണിക് ത്രാസും മയക്കുമരുന്ന് വിപണനത്തിലൂടെ ലഭിച്ച 10,300 രുപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇവര്‍. സംഘം ഒത്തുകൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പരിശോധന നടത്തുന്നതിനിടെയാണ് ചെറുവണ്ണൂര്‍ മധുരബസാറിലെ ഒരു കെട്ടിടത്തില്‍ വെച്ച് മയക്കുമരുന്ന് സഹിതം പൊലീസിന്‍റെ വലയിലായത്. ചെരിപ്പ് കച്ചവടത്തിന്റെ മറവിലായിരുന്നു വില്‍പ്പന. ഗോഡൗണായി പ്രവര്‍ത്തിക്കുന്ന ഈ കെട്ടിടത്തില്‍ വെച്ച് എംഡിഎംഎ ചെറിയ പാക്കറ്റുകളാക്കി ഫറോക്ക്, ബേപ്പൂര്‍, മാങ്കാവ്, പന്തീരങ്കാവ്, രാമനാട്ടുകര എന്നീ സ്ഥലങ്ങളിലെ യുവാക്കള്‍ക്കിടയിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും വില്‍പ്പന നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പ്രതികള്‍ സ്ഥിരം മയക്കുമരുന്ന് വില്‍പ്പനക്കാരാണെന്നും ബംഗളൂരുവിലെ മൊത്തവില്‍പ്പനക്കാരില്‍ നിന്നും 100,200 ഗ്രാമുകളായി വാങ്ങിച്ച് ഒരു ഗ്രാം, രണ്ട് ഗ്രാം വരുന്ന പാക്കറ്റുകളാക്കി വില്‍പ്പന നടത്തുകയും ഇങ്ങനെ സമ്പാദിക്കുന്ന പണം ഉപയോഗിച്ച് ആര്‍ഭാട ജീവിതം നയിക്കുകുയം ചെയ്തു വരികയായിരുന്നു. ഇവരുടെ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചു വരികയാണെന്നും പ്രതികള്‍ ആരില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങുന്നതെന്നും, ആര്‍ക്കെല്ലാമാണ് വില്‍ക്കുന്നതെന്നും പരിശോധിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.

YouTube video player