വണ്ടൂർ അമ്പലപ്പടി സ്വദേശി ജിജേഷ്, സഹോദരി ഭര്‍ത്താവ് നിധിൻ, സഹോദരൻ നിഖിൽ, എന്നിവരാണ് വയോധികയുടെ ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ പിടിയിലായത്. തനിച്ചു താമസിച്ചിരുന്ന ചന്ദ്രമതിയെന്ന വയോധികയായ വീട്ടമ്മയെയാണ് സംഘം ആക്രമിച്ച് കവര്‍ച്ച നടത്തിയത്. 

മലപ്പുറം: വണ്ടൂരിൽ വീട്ടമ്മയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ സഹോദരങ്ങളടക്കം ഒരു കുടുബത്തിലെ മൂന്നു പേർ പിടിയിൽ. വണ്ടൂർ അമ്പലപ്പടി സ്വദേശി ജിജേഷ്, സഹോദരി ഭര്‍ത്താവ് നിധിൻ, സഹോദരൻ നിഖിൽ, എന്നിവരാണ് പിടിയിലായത്. തനിച്ചു താമസിച്ചിരുന്ന ചന്ദ്രമതിയെന്ന വയോധികയായ വീട്ടമ്മയെയാണ് സംഘം ആക്രമിച്ച് കവര്‍ച്ച നടത്തിയത്. അമ്പലപ്പടി സിപിഐ ബ്രാഞ്ച് സെക്രട്ടറിയാണ് മുഖ്യ പ്രതി ജിജേഷ്.

ഡിസംബർ 22 നായിരുന്നു കവര്‍ച്ച. തനിച്ചു താമസിക്കുന്ന 65 കാരിയായ വീട്ടമ്മ ചന്ദ്രമതിയെ ആക്രമിച്ച് 2 പവനോളം തൂക്കം വരുന്ന 2 സ്വർണ വളകളാണ് മൂന്നംഗ സംഘം മുറിച്ചെടുത്തത്. രാത്രി എട്ടുമണിയോടെയായിരുന്നു കവര്‍ച്ച. പിറകുവശത്തെ ഇടവഴിയിലൂടെ വീടിന്‍റെ അടുക്കള ഭാഗത്ത് എത്തിയ മൂന്നംഗ സംഘം വാട്ടര്‍ ടാങ്കില്‍ അടിച്ച് ശബ്ദുമുണ്ടാക്കുകയായിരുന്നു ആദ്യം ചെയ്തത്. ശബ്ദം കേട്ട് പുറത്തിറങ്ങാൻ വാതില്‍ തുറന്ന ചന്ദ്രമതിയുടെ മുഖത്തേക്ക് സംഘം മുളക്പൊടി എറിഞ്ഞു. തള്ളിത്താഴെയിട്ട ശേഷം ഇവരുടെ രണ്ട് സ്വര്‍ണ വളകള്‍ കട്ടര്‍ ഉപയോഗിച്ച് മുറിച്ചെടുത്തു. സ്വര്‍ണമാല രാത്രി ധരിക്കാത്തതിനാല്‍ അത് മോഷ്ടാക്കള്‍ക്ക് കിട്ടിയില്ല.

കേസില്‍ മുഖ്യ സൂത്രധാരനായ ജിജേഷ് പൊതു പ്രവര്‍ത്തനാണ്. സിപിഐയുടെ അമ്പലപടി ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയാണ്. കരാട്ടെ അധ്യാപകനും ഓട്ടോറിക്ഷ ഡ്രൈവറും കൂടിയാണ് ഇയാള്‍. ഇയാളുടെ ഓട്ടോറിക്ഷയില്‍ പലപ്പോഴും ചന്ദ്രമതി ടൗണിലേക്ക് പോയിരുന്നു. ആ ബന്ധമാണ് ഇയാള്‍ കവര്‍ച്ചക്ക് ഉപയോഗിച്ചത്. തിരിച്ചറിയാതിരിക്കാൻ മൂവരും മുഖംമൂടി ധരിച്ചിരുന്നു. അന്വേഷണത്തിന്‍റെ തുടക്കതില്‍ തന്നെ വീടും പരിസരവും കൃത്യമായി അറിയുന്നവരാണെന്ന് പ്രതികളെന്ന് പൊലീസ് മനസിലാക്കിയിരുന്നു. കവര്‍ച്ചക്കിടയില്‍ പ്രതികള്‍ മലയാളത്തില്‍ സംസാരിച്ചതും പൊലീസിന് അന്വേഷണത്തില്‍ സഹായിച്ചു. മുപ്പതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും, പ്രദേശവാസികളെ ചോദ്യം ചെയ്തും നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പൊലീസ് പിടിയിലായത്. പ്രതികളെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പും നടത്തി.

YouTube video player