Asianet News MalayalamAsianet News Malayalam

പ്ലാച്ചിമട പ്ലാന്റ് സർക്കാരിന് കൈമാറാൻ കൊക്കകോള കമ്പനി,നഷ്ടപരിഹാരം നൽകാതിരിക്കാനുള്ള നീക്കമെന്ന് സമരസമിതി

സൗജന്യമായി കൈമാറാൻ സന്നദ്ധതയറിച്ചുള്ള കമ്പനിയുടെ കത്ത് സർക്കാരിൻ്റെ പരിഗണനയിലാണ്.കാർഷികോത്പനങ്ങളിൽ നിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കാനുള്ള കേന്ദ്രം തുടങ്ങാനാണ് സർക്കാർ ആലോചിക്കുന്നത്

Coca Cola Company to hand over Plachimada plant to the government
Author
First Published Dec 6, 2022, 6:37 AM IST

 

പാലക്കാട് : പാലക്കാട്ടെ പ്ലാച്ചിമട പ്ലാന്റ് സർക്കാരിന് സൗജന്യമായി കൈമാറാൻ സന്നദ്ധതയറിയിച്ച് കൊക്കകോള കമ്പനി. ഇക്കാര്യം അറിയിച്ച് ഹിന്ദുസ്ഥാൻ കൊക്കകോള ലിമിറ്റഡ് മുഖ്യമന്ത്രിക്ക് കത്തെഴുതി.എന്നാൽ ഇരകൾക്ക് നഷ്ടപരിഹാരം നൽകാതിരിക്കാനുള്ള ആസൂത്രിത
നീക്കമാണിതെന്നാണ് സമര സമിതിയുടെ നിലപാട്. 

പെരുമാട്ടി പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും കോള കമ്പനി വരുത്തിയ നാശത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്ലാച്ചിമട സമരസമിതി വീണ്ടും സമരം ശക്തമാക്കിയിരിക്കെയാണ് കമ്പനിയുടെ പുതിയ നീക്കം.34.4 ഏക്കർ ഭൂമിയും 35,000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടങ്ങളുമാണ് ഇവിടെ കോള കമ്പനിക്കുള്ളത്. കമ്പനിയ്ക്ക് കേരളത്തിലുള്ള ഏക ആസ്തിയാണിത്.

ഇവ സൗജന്യമായി കൈമാറാൻ സന്നദ്ധതയറിച്ചുള്ള കമ്പനിയുടെ കത്ത് സർക്കാരിൻ്റെ പരിഗണനയിലാണ്.കാർഷികോത്പനങ്ങളിൽ നിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കാനുള്ള കേന്ദ്രം തുടങ്ങാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിൻ്റെ ഭാഗമായി തഹസീൽദാറുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം അളന്ന് തിട്ടപ്പെടുത്തി. കമ്പനിയുടെ നീക്കം നഷ്ടപരിഹാരം നൽകാനുള്ള ബാധ്യതയിൽ നിന്ന് തലയൂരാനാണെന്ന ആശങ്കയാണ് സമരസമിതിക്കുള്ളത്.

ശക്തമായ ബഹുജന പ്രക്ഷോഭത്തെ തുടർന്ന് 2004ൽ കൊക്കകോള കമ്പനി പ്രവർത്തനം നിർത്തിയെങ്കിലും ജലമലിനീകരണം ഉൾപ്പെടെ വലിയ നാശമാണ് കമ്പനി വരുത്തിവെച്ചത്. വീട്ടുകിണറുകളിലെ വെള്ളം ഉപയോഗയോഗ്യമല്ലാത്തതിനാൽ ഇക്കാലമത്രയും കുടിവെള്ളം പോലും കാശു കൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ് സാധാരണക്കാരായ പ്രദേശവാസികൾ. പലർക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുമുണ്ട്. പ്രദേശവസികൾക്ക് 216കോടി രൂപയുടെ നഷ്ടപരിഹാരം കമ്പനിയിൽ നിന്നും ഈടാക്കാമെന്ന വിദഗ്ധ സമിതി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ൽ 2011ൽ നിയമസഭ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണൽ ബില്ല് പാസ്സാക്കി രാഷ്ട്രപതിയുടെ അനുമതിക്കായി അയച്ചിരുന്നു. എന്നാൽ വ്യക്തതക്കുറവിന്റെ പേരിൽ ബില്ല് മടക്കുകയായിരുന്നു. പിന്നീട് ഇതിൽ തുടർനടപടികൾ ഉണ്ടായില്ലെന്നാണ് പരാതി.

കുടിവെള്ളവുമില്ല , നഷ്ടപരിഹാരവുമില്ല ; സർക്കാരിനെതിരെ സമരം തുടങ്ങാനൊരുങ്ങി പ്ലാച്ചിമട സമര സമിതി

Follow Us:
Download App:
  • android
  • ios