കൊച്ചി: കൊച്ചി വിമാനത്താവളത്തെ തേടി വീണ്ടും അന്താരാഷ്ട്ര പുരസ്കാരം. നൽകുന്ന സേവനത്തിന്‍റെ അടിസ്ഥാനത്തിൽ യാത്രക്കാരുടെ ഇഷ്ട വിമാനത്താവളമായി എയ‍‍ർപോർട്ട് ഇന്‍റര്‍നാഷണൽ കൗൺസിൽ സിയാലിനെ തെരഞ്ഞെടുത്തു. കൊച്ചിൻ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എന്ന സിയാൽ കാൽനൂറ്റാണ്ടിന്റെ നിറവിലെത്തി നിൽക്കുമ്പോഴാണ് അന്താരാഷ്ട്രപുരസ്കാരത്തിന് വീണ്ടും അർഹമാകുന്നത്.

വിമാനത്താവള ഓപ്പറേറ്റർമാരുടെ അന്താരാഷ്ട്രസംഘടനയായ എയർപോർട്ട് കൗൺസിലിന്റെ അംഗീകാരമാണ് ഇക്കുറി സിയാലിനെ തേടിയെത്തിയത്. പ്രതിവർഷം അൻപത് ലക്ഷത്തിനും ഒന്നരക്കോടിക്കും ഇടയിൽ യാത്രക്കാർക്ക് സേവനം നൽകുന്ന വിമാനത്താവളങ്ങളിൽ ഒന്നാം സ്ഥാനമാണ് സിയാലിന്. യാത്രാസൗകര്യം, ചെക്ക് ഇൻ സംവിധാനം, ശുചിത്വം തുടങ്ങി 34 ഘടകങ്ങളാണ് പുരസ്കാരത്തിനായി പരിഗണിച്ചത്.

ആഗോളാടിസ്ഥാനത്തിൽ 7 ലക്ഷം യാത്രക്കാരെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തിയ സർവ്വേയിൽ നിന്നാണ് ഓരോ വിഭാഗത്തിലേയും മികച്ച വിമാനത്താവളങ്ങളെ കണ്ടെത്തിയത്. ബാലിയിൽ നടന്ന ചടങ്ങിൽ എസിഐ ഡയറക്ടർ ജനറൽ ഏയ്ഞ്ചല ഗിട്ടെൻസിൽ നിന്ന് സിയാൽ അധികൃതർ പുരസ്കാരം ഏറ്റുവാങ്ങി. 2016 ൽ മൂന്നാം സ്ഥാനവും 2017 ൽ രണ്ടാം സ്ഥാനവും സിയാൽ ഈ വിഭാഗത്തിൽ നേടിയിരുന്നു. കൊച്ചിയിൽ നിന്ന് ഇസ്രയേലിലേക്ക് നേരിട്ടുള്ള വിമാനസർവ്വീസുകളും സിയാൽ ആരംഭിച്ചു. ചൊവ്വാഴ്ചയും ശനിയാഴ്ചയും ആണ് അർകിയ ഇസ്രയേലി എയർലൈൻസിന്റെ സേവനം സിയാലിൽ നിന്ന് ലഭ്യമാകുക.