ദക്ഷിണേന്ത്യയില്‍ പ്രതിവര്‍ഷം ഒരു കോടി യാത്രക്കാര്‍ ഉപയോഗിക്കുന്ന നാലാമത്തെ വിമാനത്താവളമാണ് സിയാല്‍. കേരളത്തിലെ ഒന്നാമത്തേതും.

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ഈ വർഷം യാത്രക്കാരുടെ എണ്ണം ഒരു കോടിയിലെത്തി. ഒരു വര്‍ഷം ഒരു കോടി യാത്രികര്‍ ഉപയോഗിച്ച സംസ്ഥാനത്തെ ഒരേ ഒരു വിമാനത്താവളം കൊച്ചിയാണ്. ഒരു കോടിയിലെത്തിയ യാത്രക്കാരി ലയ റിനോഷിനെ സിയാൽ ആദരിച്ചു.

വ്യാഴാഴ്ച വൈകീട്ട് ബാംഗ്ലൂരിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ 173 യാത്രക്കാര്‍ പറന്നതോടെയാണ്, ഈ വര്‍ഷം അവസാനിക്കാന്‍ 11 ദിവസം ബാക്കിയിരിക്കെ ഒരു കോടി യാത്രക്കാര്‍ എന്ന ചരിത്ര നേട്ടത്തിലേക്ക് സിയാല്‍ റെക്കോര്‍ഡിട്ടത്. ദക്ഷിണേന്ത്യയില്‍ പ്രതിവര്‍ഷം ഒരു കോടി യാത്രക്കാര്‍ ഉപയോഗിക്കുന്ന നാലാമത്തെ വിമാനത്താവളമാണ് സിയാല്‍. കേരളത്തിലിത് ഒന്നാമത്തേതും.

സംസ്ഥാനത്തെ ആകെ വിമാനയാത്രക്കാരുടെ 63.50 ശതമാനവും സിയാലിലാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 20 ലക്ഷത്തിലധികം പേരുടെ വര്‍ധനവാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായത്. 46.01 ലക്ഷം രാജ്യാന്തര യാത്രക്കാരും 54.04 ലക്ഷം പേര്‍ ആഭ്യന്തര യാത്രക്കാരും.

കൊച്ചിയില്‍ നിന്ന് ബാംഗ്ലൂരിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരിയായ അഞ്ചു വയസ്സുകാരി ലയ റിനോഷ് ആണ് സിയാലിലെ ഒരു കോടി യാത്രക്കാരുടെ എണ്ണം തൊട്ടത്. ലയയെ സിയാല്‍ സമ്മാനം നല്‍കി ആദരിച്ചു.

YouTube video player