Asianet News MalayalamAsianet News Malayalam

കോഴിക്കോട്ടും കണ്ണൂരിലും നാളികേര വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും; മന്ത്രി ഇപി ജയരാജന്‍

നാളികേരാടിസ്ഥാനത്തിലുള്ള ഉല്‍പ്പന്നങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കി കിന്‍ഫ്ര വഴിയാണ് സംസ്ഥാന സര്‍ക്കാര്‍ കോക്കനട്ട് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നത്.

Coconut industrial parks to be set up in two districts says minister ep Jayarajan
Author
Kozhikode, First Published Nov 4, 2019, 11:27 AM IST

കോഴിക്കോട്: കോഴിക്കോട്ടും കണ്ണൂരിലും നാളികേര വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു. രണ്ടു ദിവസങ്ങളിലായി കോഴിക്കോട്ട് നടന്ന അന്താരാഷ്ട്ര നാളികേര കോണ്‍ഫറന്‍സിന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളികേരാടിസ്ഥാനത്തിലുള്ള ഉല്‍പ്പന്നങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കി കിന്‍ഫ്ര വഴിയാണ് സംസ്ഥാന സര്‍ക്കാര്‍ കോക്കനട്ട് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നത്. കോണ്‍ഫറന്‍സിന്റെ ഭാഗമായി സഹകരണ സ്ഥാപനങ്ങളടക്കമുള്ളവര്‍ നാളികകേരാധിഷ്ഠിത വ്യവസായങ്ങള്‍ ആരംഭിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിട്ടുണ്ട്.

കോക്കനട്ട് പാര്‍ക്കുകളില്‍ വ്യവസായം ആരംഭിക്കുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നത് പരിഗണനയിലുണ്ട്. നാളികേരം കേരളത്തിന്റെ സ്വത്താണ്. നാളികേരത്തില്‍ നിന്നുള്ള ഫലം സംസ്ഥാനത്തെ സാമൂഹ്യജീവിതത്തെ ഉയര്‍ത്തികൊണ്ടു വരുമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, കച്ചവടക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍ ഇവരുടെയെല്ലാം ഉയര്‍ച്ചയുടെ ഒരു ഭാഗം നാളികേരത്തില്‍ നിന്നുള്ള വരുമാനമാണ്.

വില തകര്‍ച്ചയാണ് നാളികേര ഉത്പ്പാദനത്തില്‍ നാം പിറകോട്ട് പോകാന്‍ കാരണം. ഇത് പരിഹരിക്കാന്‍ നാളികേരത്തില്‍ നിന്ന് ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കണം. ഉല്‍പ്പാദനത്തിന്റെയും മൂല്യവര്‍ധനവിന്റെയും സാധ്യതകളെ കുറിച്ചുള്ള പുതിയ അറിവുകള്‍ പങ്കിട്ടാണ് അന്താരാഷ്ട്ര നാളികേര കോണ്‍ഫറന്‍സും പ്രദര്‍ശനവും സമാപിച്ചതെന്നും മന്ത്രി പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios