Asianet News MalayalamAsianet News Malayalam

സ്വപ്ന സുരേഷിനെതിരെ ചുമത്തിയ കൊഫെപോസ റദ്ദാക്കി; മതിയായ കാരണങ്ങളില്ലെന്ന് ഹൈക്കോടതി

കോഫെ പോസ ചുമത്തിയത് മതിയായ കാരണം ഇല്ലാതെ എന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍, എൻഐഎ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ സ്വപ്ന സുരേഷിന് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ ആകില്ല.

Cofe possa cancelled against swapna suresh
Author
Kochi, First Published Oct 8, 2021, 12:48 PM IST

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന്‍റെ (swapna suresh) കൊഫെപോസ (cofeposa) കരുതൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കി. മതിയായ കാരണങ്ങളില്ലാതെയാണ് കരുതൽ തടങ്കലെന്ന് കണ്ടെത്തിയാണ് ഡിവിഷൻ ബ‌ഞ്ചിന്‍റെ ഉത്തരവ്. കേസിലെ കൂട്ട് പ്രതി സരിത്തിന്‍റെ കരുതൽ തടങ്കൽ ഹൈക്കോടതി ശരിവെച്ചു. എൻഐഎ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ സ്വപ്ന സുരേഷിന് ജയിൽ മോചിതയാകാനാകില്ല.

വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിൽ തുടർച്ചയായി ഇടപെട്ടെന്നും, ഇനിയും കള്ളക്കടത്തിൽ ഏർപ്പെട്ടേക്കമെന്നുമുള്ള  കസ്റ്റംസ് ശുപാർശയിലായിരുന്നു സ്വപ്ന സുരേഷിനെ കൊഫെപോസ ബോർഡ് 1 വർഷത്തെ കരുതൽ തടങ്കലിന് ശിക്ഷിച്ചത്. സ്വപ്ന സുരേഷിന് പുറമെ സന്ദീപ് നായർ, സരിത് അടക്കമുള്ള കൂട്ട് പ്രതികളെയും തടങ്കലിലാക്കി. എന്നാൽ, കൊഫെപോസ ചുമത്തിയത് നിയമ വിരുദ്ധമായെന്ന് ചൂണ്ടികാട്ടി സ്വപ്ന സുരേഷിന്‍റെ അമ്മ കുമാരി പ്രഭ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കൊഫെപോസ ചുമത്താൻ ചൂണ്ടികാട്ടിയ കാരണങ്ങൾക്ക് അനുബന്ധ രേഖകൾ ഹാജരാക്കാൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞില്ലെന്നായിരുന്നു പ്രധാന വാദം. തുടർച്ചയായി സ്വർണ്ണക്കടത്ത് നടത്തിയെന്നത് മൊഴികൾ മാത്രമാണെന്നും എതിർഭാഗം വാദിച്ചു.

ഈ വാദങ്ങൾ അംഗീകരിച്ചാണ് ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ അടങ്ങിയ ഡിവിഷൻ ബ‌ഞ്ച് തടങ്കൽ റദ്ദാക്കിയത്. സ്വപ്ന സുരേഷിന്‍റെ കരുതൽ തടങ്കൽ ഒരു വർഷത്തേക്ക് കൂടി നീട്ടാൻ കസ്റ്റംസ് ശ്രമം തുടങ്ങുന്നതിനിടെയാണ് ഹൈക്കോടതി ഉത്തരവ്. കൊഫെപോസ റദ്ദായെങ്കിലും സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട എൻഐഎ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ഉടൻ പുറത്തിറങ്ങാനാകില്ല. കേസിൽ യുഎപിഎ ചോദ്യം ചെയ്ത് സ്വപ്ന നൽകിയ ഹർജി ഹൈക്കോടതി ഈമാസം 22 ന് പരിഗണിക്കുന്നുണ്ട്. കേസിലെ കൂട്ടുപ്രതി സരിത്തിന്‍റെ കരുതൽ തടങ്കൽ ഹൈക്കോടതി അംഗീകരിച്ചു.

Follow Us:
Download App:
  • android
  • ios