എൻഐഎ കേസിലെ പ്രതിയായ അംജദ് അലിയെന്ന ആളെ കാണാനായിരുന്നു ഇയാൾ വന്നത്. മുബിനുൾ ഹഖിന്റെ വിലാസവും ഇയാളെ കുറിച്ചും സ്പെഷൽ ബ്രാഞ്ച് പരിശോധന തുടങ്ങി
കോയമ്പത്തൂർ: കോയമ്പത്തൂരിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമീഷ മുബീൻ എന്നയാളോ, ഈ പേരുള്ള മറ്റാരെങ്കിലുമോ വിയ്യൂർ ജയിലിൽ വന്നിരുന്നില്ലെന്ന് വിവരം. ഇക്കാര്യം ജയിൽ അധികൃതർ കോയമ്പത്തൂർ സ്ഫോടന കേസ് അന്വേഷിക്കുന്ന എൻഐഎ സംഘത്തെ അറിയിച്ചു. മുബിനുൾ ഹഖ് എന്ന പേരുള്ള കൊണ്ടോട്ടി സ്വദേശിയായ ഒരാൾ 2020 ൽ ജയിലിൽ സന്ദർശകനായി എത്തിയിരുന്നു. എൻഐഎ കേസിലെ പ്രതിയായ അംജദ് അലിയെന്ന ആളെ കാണാനായിരുന്നു ഇയാൾ വന്നത്. മുബിനുൾ ഹഖിന്റെ വിലാസവും ഇയാളെ കുറിച്ചും സ്പെഷൽ ബ്രാഞ്ച് പരിശോധന തുടങ്ങി. വിയ്യൂരിൽ തടവിൽ കഴിയുന്ന മുഹമ്മദ് അസ്ഹറുദ്ദീനെ സന്ദർശിച്ച മുഴുവനാളുടെയും പട്ടിക അന്വേഷണ സംഘത്തിന് വിയ്യൂർ ജയിൽ കൈമാറി.
ഉക്കടത്തെ കാർ ബോംബ് സ്ഫോടനത്തിന്റെ അന്വേഷണ സംഘം കേരളത്തിലെത്തിയിരുന്നു. ശ്രീലങ്കൻ സ്ഫോടനവുമായി ബന്ധപ്പെട്ട് 2019 ൽ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത മുഹമ്മദ് അസ്ഹറുദ്ദീനുമായി കൊല്ലപ്പെട്ട മുബീന് ബന്ധമുണ്ടെന്ന സൂചനകളെ തുടർന്നാണ് വരവെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ട്. എന്നാൽ പിന്നീട് വിയ്യൂരിൽ തടവിലുള്ള അംജദ് അലിയെന്ന എൻഐഎ കേസിലെ പ്രതിയുടെ സന്ദർശക പട്ടികയും പരിശോധിച്ചു.
ശ്രീലങ്കയിലെ ഈസ്റ്റർ സ്ഫോടന മാതൃകയിൽ കോയമ്പത്തൂരിൽ ആക്രമണം ആസൂത്രണം ചെയ്തോയെന്നാണ് പരിശോധിക്കുന്നത്. കേസിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമീഷ മുബിനുമായി അടുത്ത ബന്ധമുള്ളവരാണ് പിടിയിലായിരിക്കുന്നത് എന്നാണ് അന്വേഷണ സംഘം പറയുന്നത്. അതേസമയം സ്ഫോടകവസ്തുക്കൾ ശേഖരിച്ചതിലും സ്ഫോടനത്തിന്റെ ആസൂത്രണത്തിലും പിടിയിലായവർക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം.
കോയമ്പത്തൂരിലെ ഉക്കടത്ത് ക്ഷേത്രത്തിന് സമീപത്താണ് കാർ ബോംബ് സ്ഫോടനം നടന്നത്. തുടർന്ന് തമിഴ്നാട്ടിൽ കനത്ത സുരക്ഷ തുടരുകയാണ്. സ്ഫോടനം നടന്ന മേഖലയിൽ വൻ പൊലീസ് സന്നാഹം ഇപ്പോഴും നിലയുറപ്പിച്ചിരിക്കുകയാണ്.
