ശ്രീനാരായണ സഹോദര ധർമവേദിയാണ് വെള്ളാപ്പള്ളി നടേശന്‍റെ വീട്ടിലേക്ക് മാർച്ച് പ്രഖ്യാപിച്ചത്. നേതൃപദവികളിൽ നിന്ന് ഒഴിയണം എന്നാവശ്യപ്പെട്ടാണ് മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.

ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ വീട്ടിലേക്കുള്ള പ്രതിഷേധ മാർച്ച് നിരോധിച്ച് ജില്ലാ കളക്ടർ. ശ്രീനാരായണ സഹോദര ധർമവേദിയാണ് വെള്ളാപ്പള്ളി നടേശന്‍റെ വീട്ടിലേക്ക് മാർച്ച് പ്രഖ്യാപിച്ചത്. നേതൃപദവികളിൽ നിന്ന് ഒഴിയണം എന്നാവശ്യപ്പെട്ടാണ് മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 10ന് കണിച്ചുകുളങ്ങരയിൽ നിന്നാണ് മാർച്ച് പ്രഖ്യപിച്ചത്. മാർച്ച് പ്രതിരോധിക്കുമെന്ന് എസ്എൻഡിപിയും നിലപാടെടുത്തിരുന്നു. പിന്നാലെയാണ് പ്രതിഷേധ മാർച്ച് നിരോധിച്ച് കളക്ടര്‍ ഉത്തരവിറക്കിയത്. ക്രമസമാധാന പ്രശ്നം കണക്കിലെടുത്താണ് നിരോധനമെന്ന് കളക്ടർ അറിയിച്ചു.

എസ്എന്‍ കോളേജ് ജൂബിലി ഫണ്ട് തിരിമറി കേസില്‍ വെള്ളാപ്പള്ളിയുടെ വിചാരണ കഴിഞ്ഞ ദിവസം സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. വിചാരണ തുടരാമെന്നുള്ള ഹൈക്കോടതി ഉത്തരവാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ചിന്‍റേതായിരുന്നു ഉത്തരവ്. വെള്ളാപ്പള്ളി നടേശനോട് മെയ് 20-ന് നേരിട്ട് ഹാജരാകാന്‍ കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരുന്നു. സ്റ്റേ ഉത്തരവോടെ വെള്ളാപ്പള്ളിക്ക് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകേണ്ടി വരില്ല. 1998 -99 ല്‍ കൊല്ലം എസ്.എന്‍ കോളജ് സുവര്‍ണ ജൂബിലി ആഘോഷ ഭാഗമായി പൊതുജനങ്ങളില്‍ പിരിച്ച പണത്തില്‍ 55 ലക്ഷം രൂപ എസ് എന്‍ വെള്ളാപ്പള്ളി നടേശന്‍ വകമാറ്റിയെന്നാണ് കേസ്. കമ്മിറ്റിയുടെ ചെയർമാനായ വെള്ളാപ്പള്ളി നടേശനെതിരെ അന്നത്തെ എസ് എൻഡിപി കൊല്ലം ജില്ലാ വൈസ് പ്രസിഡന്‍റും, ട്രസ്റ്റിന്‍റെ ബോർഡ് അംഗവുമായ സുരേന്ദ്ര ബാബുവാണ് കോടതിയെ സമീപിച്ചത്.