Asianet News MalayalamAsianet News Malayalam

കൊവിഡ് 19: അടുത്ത 14 ദിവസങ്ങള്‍ നിര്‍ണായകമെന്ന് കളക്ടര്‍ പിബി നൂഹ്

കൊവിഡ് വൈറസ് ബാധിച്ചുള്ള ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്ത കൽബുർഗിയിൽ നിന്നുള്ള പത്തനംതിട്ട സ്വദേശികളായ മെഡിക്കല്‍ വിദ്യാർത്ഥികൾ ഇന്നു ജില്ലയിലെത്തും ഇവരെ നിരീക്ഷണത്തിലാക്കാനാണ് ജില്ല ഭരണകൂടത്തിന്‍റെ തീരുമാനം.

collector PB Nooh on Covid 19  Precaution
Author
Pathanamthitta, First Published Mar 17, 2020, 10:23 AM IST

പത്തനംതിട്ട: കൊവിഡ് വൈറസ് നിരീക്ഷണത്തിന്‍റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ഒരു ഡോക്ടര്‍ അടക്കം രണ്ട് പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കമുണ്ടായിരുന്നവരെയല്ല  ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ജില്ലാ കളക്ടര്‍ പിബി നൂഹ് പറഞ്ഞു.

അതിനിടെ കൊവിഡ് വൈറസ് ബാധിച്ചുള്ള ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്ത കൽബുർഗിയിൽ നിന്നുള്ള പത്തനംതിട്ട സ്വദേശികളായ മെഡിക്കല്‍ വിദ്യാർത്ഥികൾ ഇന്നു ജില്ലയിലെത്തും ഇവരെ നിരീക്ഷണത്തിലാക്കാനാണ് ജില്ല ഭരണകൂടത്തിന്‍റെ തീരുമാനം. ജില്ലയില്‍ കൊവിഡ് ആശങ്ക അവസാനിച്ചെന്ന് പറയാനാകില്ലെന്നും ഈ രണ്ടാഴ്ച വളരെ  നിർണായകമാണെന്നും പത്തനംതിട്ട ജില്ലാ കലക്ടർ പിബി നൂഹ് പറഞ്ഞു. 

പത്തനംതിട്ട ഇരവിപേരൂരിലുള്ള 69 പേരെ ഇന്നലെ കൊവിഡ് 19 നിരീക്ഷണത്തിലാക്കിയിരുന്നു .കൊവിഡ് സ്ഥിരീകരിച്ച റാന്നി സ്വദേശികളുമായി പ്രാഥമിക സമ്പർക്കത്തിലുണ്ടായിരുന്ന ബന്ധുക്കളുമായി അടുത്തിടപഴകിയ പുരോഹിതൻ കുർബ്ബാന അർപ്പിച്ച പള്ളിയിലെത്തിയ വിശ്വാസികളാണ് നിരീക്ഷണത്തിലായത്.

കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ പള്ളികളിലും ക്ഷേത്രങ്ങളിലും ആളുകൾ എത്തുന്നത് പരമാവധി കുറച്ചിരിക്കുകയാണ്. പല പള്ളികളിലും ഞായറാഴ്ച കുർബ്ബാന ഉൾപ്പെടെ വേണ്ടെന്ന് വെച്ചു. ഇതിനിടെയാണ് ഇരവിപേരൂരിലെ ക്നാനായ പള്ളിയിൽ കുർബ്ബാനയിൽ പങ്കെടുത്ത 69 പേരെ പഞ്ചായത്ത് ഇടപെട്ട് നിരീക്ഷണത്തിലാക്കിയത്. നിരീക്ഷണത്തിൽ വെച്ചിരിക്കുന്നവരിൽ പത്താം ക്ലാസ് പരീക്ഷയെഴുതുന്ന 7 കുട്ടികളും ഉൾപ്പെടും. ഇവർക്കായി പരീക്ഷാ കേന്ദ്രങ്ങളിൽ പ്രത്യേക സംവിധാനം ഒരുക്കും. ചിങ്ങവനം സ്വദേശിയായ പുരോഹിതനും വീട്ടിൽ നിരീക്ഷണത്തിലാണ്. 

Follow Us:
Download App:
  • android
  • ios