ഡ്യൂട്ടി സമയം കഴിഞ്ഞെന്ന പേരിൽ ആദിവാസി മൂപ്പന് ചികിത്സ നിഷേധിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി കളക്ടർ

തൃശ്ശൂർ: ഡ്യൂട്ടി സമയം കഴിഞ്ഞെന്ന പേരിൽ ആദിവാസി മൂപ്പന് ചികിത്സ നിഷേധിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി കളക്ടർ. ജില്ലാ മെഡിക്കൽ ഓഫീസറോടാണ് കളക്ടർ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്. തൃശ്ശൂർ പുത്തൂരിൽ അപകടത്തിൽ പരിക്കേറ്റ ആദിവാസി ഊരുമൂപ്പനും മകനും ഡോക്ടർ ചികിത്സ നിഷേധിച്ചതായിട്ടാണ് പരാതി. പുത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ.ഗിരീഷിനെതിരെയാണ് ആരോപണം. വല്ലൂർ സ്വദേശികളായ രമേശനും വൈഷ്ണവുമാണ് അപകടത്തിൽപ്പെട്ട് ചികിത്സ തേടിയത്. 

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം . രമേശനും മകൻ വൈഷ്ണവും ബൈക്കിൽ സഞ്ചരിക്കുമ്പോൾ പുത്തൂരിൽ വച്ചാണ് അപകടം. ഉച്ചയ്ക്ക് ഒന്നരയോടെ ഇരുവരെയും പുത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഡോ.ഗീരീഷായിരുന്നു ഡ്യൂടിയിലുണ്ടായിരുന്നത്. പ്രാഥമിക ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒപി സമയം കഴിഞ്ഞെന്നായിരുന്നു മറുപടി. അര മണിക്കൂർ കാത്തു നിന്നു. തർക്കമായതോടെ ഡോക്ടർ കാറെടുത്ത് പോയെന്നാണ് പരാതിയിൽ പറയുന്നത്.

സ്വകാര്യ ആശുപത്രിയിൽ എത്തിച്ചാണ് ഇരുവർക്കും ചികിത്സ നൽകിയത്. വൈഷ്ണവിൻറെ വലതു കൈക്ക് പൊട്ടലുണ്ട്. അച്ഛൻ രമേശനും പരിക്കുണ്ട്. വല്ലൂർ ആദിവാസി ഊരിലെ മൂപ്പൻ കൂടിയാണ് കേരള പൊലീസ് അക്കാദമിയിൽ ജോലി ചെയ്യുന്ന രമേശ്. അതേസമയം ‍ഡോക്ടറുടെ വിശദീകരണം ഇങ്ങനെയാണ്, ഇരുവരും എത്തുമ്പോൾ താൻ മൂത്രമൊഴിക്കാൻ പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയപ്പോൾ വൈകിയെന്ന് ആരോപിച്ച് ബഹളം വച്ചു. നഴ്സുമാർ ചികിത്സ നൽകാൻ തയ്യാറായെങ്കിലും വഴങ്ങാതെ തിരിച്ചു പോവുകയായിരുന്നു. രമേശൻറെ പരാതിയിൽ ഒല്ലൂർ പൊലീസ് കേസെടുത്തു. ചികിത്സ നിഷേധിച്ച ഡോക്ടർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്കും ആരോഗ്യ മന്ത്രിക്കും രമേശൻ പരാതി നൽകിയിട്ടുണ്ട്.