കോട്ടയം: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കോട്ടയത്തെ കൊവിഡ് ആശുപത്രിയിൽ നഴ്‌സുമാർക്കായി നടത്തിയ അഭിമുഖം നിർത്തിവെക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. ജില്ലാ ഭരണകൂടം അറിയാതെയായിരുന്നു അഭിമുഖം നടത്തിയത്. ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിനുള്ള സമയം പുനക്രമീകരിച്ച് നൽകുമെന്നും കളക്ർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തി കോട്ടയം ജില്ലയിൽ നഴ്‌സുമാർക്ക് വേണ്ടി നടത്തിയ അഭിമുഖത്തില്‍ പങ്കെടുക്കാനായി നിരവധിപ്പേരാണ് എത്തിയത്. കൊവിഡ് പശ്ചാത്തലത്തില്‍ പാലിക്കേണ്ട സാമൂഹിക അകലം പോലും പാലിക്കപ്പെട്ടില്ല. മാസ്ക്ക് അടക്കം ധരിക്കാതെയാണ് പലരും അഭിമുഖം നടക്കുന്നിടത്തെത്തിയത്

കോട്ടയത്ത് ഗുരുതര അനാസ്ഥ; കൊവിഡ് ആശുപത്രിയിൽ നഴ്സ് അഭിമുഖത്തിനായി ആയിരത്തിലേറെ പേർ

റോഡിലേക്ക് ക്യൂ നീണ്ടതോടെ സ്ഥലത്ത് ആംബുലൻസുകൾക്ക് പോലും കടന്നുപോകാൻ സാധിക്കാത്ത നിലയായി. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഗതാഗതം നിയന്ത്രിക്കാനാണ് മുൻഗണന നൽകിയത്. കോട്ടയത്തെ കൊവിഡ് ആശുപത്രിയാണ് ജില്ലാ ആശുപത്രി. ഇവിടെ ഇപ്പോൾ രോഗികളില്ലെന്നാണ് വിവരം. ആശുപത്രിയിൽ ഒരു മാസത്തെ താത്കാലിക ഒഴിവിലേക്കാണ് അഭിമുഖം നടത്തിയത്. 21 ഒഴിവുകളാണ് ഉണ്ടായിരുന്നത്. നേരത്തെ നിശ്ചയിച്ച അഭിമുഖമായിരുന്നു. ഇത്രയധികം പേർ വരുമെന്ന് കരുതിയിരുന്നില്ലെന്നാണ് ജില്ലാ മെഡിക്കൽ ഓഫീസർ പ്രതികരിച്ചത്.