Asianet News MalayalamAsianet News Malayalam

എൽദോ എബ്രഹാമിനെ ലാത്തിച്ചാർജിനിടെ മർദ്ദിച്ച സംഭവം; പൊലീസിന് വീഴ്ചയെന്ന് റിപ്പോർട്ട്

എൽദോ എബ്രഹാം എംഎൽഎയ്ക്ക്  മർദ്ദനമേൽക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് എറണാകുളം ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു

collector submit report on cpi lathi charge controversy
Author
Thiruvananthapuram, First Published Jul 29, 2019, 4:28 PM IST

കൊച്ചി: സിപിഐ മാർച്ചിനിടെ എൽദോ എബ്രഹാം എംഎൽഎയ്ക്ക് മർദ്ദനമേറ്റ സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് എറണാകുളം ജില്ലാ കളക്ടറുടെ റിപ്പോർട്ട്. എംഎൽഎയ്ക്ക് മർദ്ദനമേൽക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എറണാകുളം ജില്ലാ കളക്ടർ മുഖ്യമന്ത്രിയുടെ ഓഫീസിന് റിപ്പോർട്ട് സമര്‍പ്പിച്ചു. അതേസമയം, പൊലീസ് ലാത്തിച്ചാർജിനിടെ കയ്യിലേറ്റ പരുക്കിനെ കുറിച്ചുള്ള മെഡിക്കൽ രേഖകൾ എൽദോ എബ്രഹാം എംഎൽഎ ജില്ലാ കളക്ടർക്ക് കൈമാറി.

കൊച്ചിയിൽ എൽദോ എബ്രഹാം എംഎൽഎ അടക്കമുള്ള നേതാക്കൾക്ക് പൊലീസ് ലാത്തിച്ചാർജിൽ മർദ്ദനമേറ്റത് സംബന്ധിച്ച് വിശദമായ അന്വേഷണമാണ് എറണാകുളം ജില്ല കളക്ടർ എസ് സുഹാസ് നടത്തിയത്. സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് കളക്ടറുടെ കണ്ടെത്തല്‍.

സംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അറിയാമായിരുന്നിട്ടും മജിസ്റ്റീരിയൽ അധികാരമുള്ള ഉദ്യോഗസ്ഥനെ പൊലീസ് വിളിച്ചു വരുത്തിയില്ല. എംഎൽഎ അടക്കമുള്ളവരെ മർദ്ദിച്ചത് ശരിയായില്ല. എംഎൽഎയെയും നേതാക്കളെയും തിരിച്ചറിയുന്നതിലും ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്. കളക്ടറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ ഞാറക്കൽ സിഐ അടക്കം ചില ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന. 

അതേസമയം, പൊലീസ് ലാത്തിച്ചാർജിനിടെ കൈക്ക് പറ്റിയ പരുക്കിനെ കുറിച്ചുള്ള കൂടുതൽ മെഡിക്കൽ രേഖകൾ എൽദോ എബ്രഹാം എംഎൽഎ എറണാകുളം ജില്ലാ കലക്ടർക്ക് കൈമാറി. മൂവാറ്റുപുഴ നിർമല മെഡിക്കൽ സെന്‍റിൽ സി ടി സ്കാൻ നടത്തിയതിന്‍റെ റിപ്പോർട്ടനുസരിച്ച്, കൈയിൽ ഫ്രാക്ചറുണ്ടെന്നും എൽദോ എബ്രഹാം പറഞ്ഞു.

Follow Us:
Download App:
  • android
  • ios