മഹാരാഷ്ട്രയിലെ പാൽഘർ നഗരത്തിൽ പകൽവെളിച്ചത്തിൽ കളക്ടറേറ്റ് ജീവനക്കാരിയായ 27-കാരിക്ക് നേരെ ആയുധം ഉപയോഗിച്ച് ക്രൂരമായ ആക്രമണം

മുംബൈ: മഹാരാഷ്ട്രയിലെ പാൽഘർ നഗരത്തിൽ പകൽവെളിച്ചത്തിൽ കളക്ടറേറ്റ് ജീവനക്കാരിയായ 27-കാരിക്ക് നേരെ ആയുധം ഉപയോഗിച്ച് ക്രൂരമായ ആക്രമണം. പാൽഘർ ഡിസ്ട്രിക്റ്റ് കളക്ടർ ഓഫീസിലെ ജീവനക്കാരിയായ സ്നേഹൽ സാവന്ത് ആണ് ആക്രമിക്കപ്പെട്ടത്. ഇവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി അമോലിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം 6:30 ഓടെ പാൽഘറിലെ ഒരു സിനിമ തിയേറ്ററിന് സമീപമാണ് സംഭവം നടന്നത്. പ്രതിയായ അമോൽ യുവതിയുടെ കഴുത്തിലും അരക്കെട്ടിലും മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് നിരവധി തവണ വെട്ടുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിയേറ്ററിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു സ്നേഹൽ. ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം പാൽഘർ റൂറൽ ആശുപത്രിയിലും, പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ബോയ്‌സറിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. പ്രാഥമിക അന്വേഷണത്തിൽ ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവർക്കിടയിൽ ഉണ്ടായ തർക്കങ്ങളാണ് ക്രൂരമായ ആക്രമണത്തിൽ കലാശിച്ചതെന്നും പൊലീസ് സംശയിക്കുന്നു. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതി പൊലീസിന്റെ പിടിയിലാകാതിരിക്കാൻ പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആദ്യം കെട്ടിത്തൂങ്ങാൻ ശ്രമിച്ചെങ്കിലും കയർ പൊട്ടിപ്പോയതിനാൽ രക്ഷപ്പെട്ടു. തുടർന്ന് ഇയാൾ വിഷം കഴിക്കുകയും ചെയ്തു. 

പിന്നീട് ലോക്കൽ പൊലീസും ലോക്കൽ ക്രൈം ബ്രാഞ്ചും ചേർന്ന് നടത്തിയ തിരച്ചിലിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വിഷം ഉള്ളിൽച്ചെന്ന പ്രതിയെ ഉടൻ തന്നെ പാൽഘർ റൂറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

YouTube video player