Asianet News MalayalamAsianet News Malayalam

റാഗിംങ് പരാതി വ്യാജം; അലൻ ഷുഹൈബ് റാഗ് ചെയ്തിട്ടില്ലെന്ന് ആന്റി റാഗിംങ് കമ്മറ്റി റിപ്പോർട്ട് 

കണ്ണൂർ പാലയാട് കാമ്പസിലെ ഒന്നാം വർഷ വിദ്യാർത്ഥിയും എഎസ്എഫ്ഐ നേതാവുമായ അദിൻ സുബി നൽകിയ റാഗിംങ് പരാതി തെറ്റാണെന്നും അലൻ, പരാതി നൽകിയ വിദ്യാർത്ഥിയെ റാഗ് ചെയ്തിട്ടില്ലെന്നുമാണ് ആന്റി റാഗിംഗ് കമ്മറ്റി റിപ്പോർട്ട് നൽകിയത്.

college Anti ragging committee report says that Ragging complaint against uapa case accused Alan Shuhaib is fake
Author
First Published Dec 6, 2022, 11:03 AM IST

കണ്ണൂർ : പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബിനെതിരായ റാഗിംങ് പരാതി വ്യാജം. കണ്ണൂർ പാലയാട് കാമ്പസിലെ ഒന്നാം വർഷ വിദ്യാർത്ഥിയും എഎസ്എഫ്ഐ നേതാവുമായ അദിൻ സുബി നൽകിയ റാഗിംങ് പരാതി തെറ്റാണെന്നും അലൻ, പരാതി നൽകിയ വിദ്യാർത്ഥിയെ റാഗ് ചെയ്തിട്ടില്ലെന്നുമാണ് ആന്റി റാഗിംഗ് കമ്മറ്റി റിപ്പോർട്ട് നൽകിയത്.

യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് കോളേജിൽ നടന്നത്. ബദറുദ്ദീൻ എന്ന വിദ്യാർ്തഥിയുമായി അദിൻ സുബി വഴക്കുണ്ടാക്കുന്നതും അലൻ ഇരുവരെയും പിടിച്ച് മാറ്റാൻ അങ്ങോട്ടെത്തുന്നതുമാണ് സിസിടിവിയിൽ വ്യക്തമാകുന്നത്. അദിൻ സുബിയാണ് തർക്കം തുടങ്ങിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണെന്നും റിപ്പോർട്ടിലുണ്ട്. ആൻ്റി റാഗിങ് കമ്മറ്റി റിപ്പോർട്ടിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.  

ഡോ. എസ് മിനിയുടെ നേതൃത്വത്തിലുള്ള പതിമൂന്ന് അംഗ റാഗിംങ് വിരുദ്ധ കമ്മറ്റിയാണ് കുട്ടികളിൽ നിന്നും മൊഴിയെടുത്തും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും റിപ്പോർട്ട് നൽകിയത്.  
നവംബർ 2 ന് കോളേജിൽ കെഎസ് യു- എസ്എഫ്ഐ സംഘർഷമുണ്ടായിരുന്നു. ഇതിന് പിന്നാലെ പൊലീസെത്തി. വിദ്യാർത്ഥികളെ പിരിച്ചുവിട്ടു. പിറ്റേദിവസം അദിൻ സുബി എന്ന എസ് എഫ് ഐ നേതാവായ വിദ്യാർത്ഥി, അലനും ബദറുദ്ദീൻ എന്ന മറ്റൊരു വിദ്യാർത്ഥിക്കുമെതിരെ പൊലീസിൽ റാഗിംങ് പരാതി നൽകി.

'അലന്‍ ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചു', എൻഐഎ കോടതിയിൽ റിപ്പോർട്ട്‌ നൽകി പന്നിയങ്കര എസ്എച്ച്ഒ

പരാതിയിൽ പൊലീസ് കേസെടുത്ത് അലന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഇതിന് പിന്നാലെ പന്തീരങ്കാവ് യു എ പി എ കേസിലെ ജാമ്യവ്യവസ്ഥകള്‍ അലന്‍ ഷുഹൈബ്  ലംഘിച്ചെന്നും ജാമ്യം റദ്ദാക്കണമെന്നും കാണിച്ച് പൊലീസ് എന്‍ ഐ എ കോടതിയിൽ റിപ്പോർട്ട് നൽകി. മറ്റൊരു കേസില്‍ ഉള്‍പ്പെടാന്‍ പാടില്ലെന്നതടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് അലന്‍ ഷുഹൈബിന് ജാമ്യം നല്‍കിയിരുന്നത്. ഇത് ലംഘിക്കപ്പെട്ടുവെന്നും അലൻ റാഗിംങ് കേസിൽ അറസ്റ്റിലായെന്നും കാണിച്ചായിരുന്നു പൊലീസ് എൻഐഎ കോടതിയിലെത്തിയത്. 

 

Follow Us:
Download App:
  • android
  • ios