മാർത്തോമ സഭയിലെ പള്ളിത്തർക്കത്തിൻ്റെ പേരിൽ കോളേജ് അധ്യാപികയെ ഇരയാക്കി സൈബർ ആക്രമണം; പരാതികൾക്ക് പുല്ലുവില
പരാതി പൊലീസ് ഇടപെട്ട് തീർപ്പാക്കിയ ശേഷം വീണ്ടും ചിത്രം ഫെയ്‌സ്ബുക്കിൽ പ്രചരിപ്പിച്ചുവെന്ന് അധ്യാപികയുടെ പരാതി
പത്തനംതിട്ട: മാർത്തോമ്മ സഭയിലെ പള്ളിതർക്കത്തിന്‍റെ പേരിൽ കോളേജ് അധ്യാപികയെ സൈബർ ആക്രമണത്തിന് ഇരയാക്കുന്നതായി പരാതി. കുടുംബസുഹൃത്തായ വൈദികനുമൊത്ത് പത്തനംതിട്ട അടൂരിലെ ഒരു ഭക്ഷണശാലയിൽ നിൽക്കുന്ന ചിത്രമാണ് മോശം വാചകങ്ങളോടെ പ്രചരിപ്പിക്കുന്നത്. ഉന്നത സ്വാധീനമുള്ളവരായതിനാൽ ഡിജിപിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും നീതി ലഭിക്കുന്നില്ലെന്നാണ് അധ്യാപിക പറയുന്നത്.
മാർത്തോമ്മ സഭയുടെ സൗഹൃദ കൂട്ടായ്മ ഗ്രൂപ്പുകളിലാണ് വൈദികനുമൊത്തുള്ള തൻ്റെ ചിത്രം വ്യാപകമായി പ്രചരിപ്പിച്ചതെന്നാണ് അധ്യാപികയുടെ പരാതി. മാർത്തോമ സഭക്കാരായ മൂന്ന് പേർക്കെതിരെ ചിത്രം പ്രചരിപ്പിച്ചതിന് ആദ്യം പൊലീസിൽ പരാതി നൽകി. അടൂർ പൊലീസ് സ്റ്റേഷനിൽ ആരോപണവിധേയരെ സി.ഐ വിളിച്ചുവരുത്തി. ചിത്രം ആദ്യമെത്തിയ വാട്സ്അപ് ഗ്രൂപ്പിൽ മാപ്പ് എഴുതിയിടാൻ ആവശ്യപ്പെട്ടു. തുടർന്ന് പരാതി തീർപ്പാക്കി.
എന്നാൽ ഈ അടുത്ത ദിവസങ്ങളിൽ ഫേസ്ബുക്ക് പേജുകളിൽ വ്യക്തിവിവരങ്ങൾ ഉൾപ്പെടെ പരസ്യമാക്കി വീണ്ടും ചിത്രം പ്രചരിപ്പിച്ചെന്നാണ് ആക്ഷേപം. സഭയ്ക്ക് കീഴിലെ ഒരു പള്ളിയിൽ ചില തർക്കങ്ങളുണ്ട്. അതിന്‍റെ ബാക്കിപത്രമാണ് സൈബർ ആക്രമണമെന്നും അധ്യാപിക പറയുന്നു. പൊലീസിൽ നിന്ന് നീതി ലഭിക്കാത്തതിനാൽ കോടതിയെ സമീപിച്ചതായി അധ്യാപിക പറഞ്ഞു. നിലവിൽ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് കോടതിയെ സമീപിച്ചത്.