ജമാഅത്തെ ഇസ്ലാമിയെ തൃപ്തിപ്പെടുത്താനാണ് കെ എം ഷാജിക്ക് സീറ്റ് നൽകിയതെന്ന എ കെ ബാലന്റെ ആരോപണത്തിന് പിന്നാലെ സിപിഎം - ലീഗ് നേതാക്കൾ തമ്മിലുള്ള വാക്പോര് രൂക്ഷമാകുന്നു. ബാലൻ വക്കു പൊട്ടിയ കോടാലിയാണെന്നും നട്ടെല്ലുണ്ടെങ്കിൽ എസ് ഡി പി ഐയെ തള്ളിപ്പറയണമെന്നും ഷാജി വെല്ലുവിളിച്ചു.

മലപ്പുറം: ജമാഅത്തെ ഇസ്ലാമിയുടെ പേരിൽ സിപിഎം - ലീഗ് നേതാക്കൾ തമ്മിലുള്ള വാക്പോര് തുടരുന്നു. ജമാഅത്തെ ഇസ്ലാമിയെ തൃപ്തിപ്പെടുത്താനാണ് കെ എം ഷാജിക്ക് കുഞ്ഞാലിക്കുട്ടി മത്സരിച്ച ഷുവര്‍ സീറ്റ് നൽകിയതെന്ന എ കെ ബാലന്‍റെ പരാമർശത്തിന് മറുപടിയുമായി കെ എം ഷാജി രംഗത്തെത്തി. എ കെ ബാലൻ വക്കു പൊട്ടിയ കോടാലി ആണെന്ന് കെ എം ഷാജി പരിഹസിച്ചു. രാഷ്ട്രീയം പറയാതെ ചർച്ചകളെ വഴി തിരിച്ചു വിടാനുള്ള ടൂൾ ആയിട്ടാണ് അദ്ദേഹത്തെ പിണറായി നിയോഗിച്ചിരിക്കുന്നത്. സ്വന്തമായി അഭിപ്രായം പറയാൻ ഇല്ലാത്തയാളെയേ ഇങ്ങനെ നിയോഗിക്കൂ. വേങ്ങര അങ്ങാടിയിൽ വന്നു എസ് ഡി പി ഐ യെ കുറിച്ച് നാല് വർത്തമാനം പറയാൻ ബാലനെ വെല്ലുവിളിക്കുന്നു. താൻ പറഞ്ഞത് പോലെ എസ് ഡി പി ഐ വോട്ട് വേണ്ടന്നൊന്നും പറയണ്ട. ബാലന്റെ പുറത്തു നട്ടെല്ലുണ്ടെങ്കിൽ വേങ്ങരയിൽ വന്നു എസ് ഡി പി ഐയെ തള്ളി പറയണം. എന്നിട്ട് മതി ബാലന്റെ മതേതര ഗീർവാണ പ്രസംഗമെന്നും കെ എം ഷാജി പ്രതികരിച്ചു.

എസ് ഡി പി ഐ പോലെയുള്ള സംഘടനയുടെ മുന്നിൽ താൻ മുട്ട് മടക്കില്ലെന്ന് കെ എം ഷാജി അവകാശപ്പെട്ടു. എസ് ഡി പി ഐക്കെതിരായ നിലപാടിൽ ഒരു മാറ്റവുമില്ല. ലീഗിൽ ആരെ സ്ഥാനാർഥി ആക്കണമെന്ന് ലീഗാണ് നിശ്ചയിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുമായി ആശയപരമായി വ്യത്യാസമുണ്ടെന്നും കെ എം ഷാജി പറഞ്ഞു. വോട്ട് ചോരിക്കെതിരായ പ്രതിഷേധത്തെ പിണറായിയെ പോലെ അവഗണിച്ച ഒരാൾ പ്രതിപക്ഷത്തില്ല. പിണറായി വിമർശിക്കുന്നത് മൈക്ക് ഓപ്പറേറ്റർമാരെയും ചോദ്യം ചോദിക്കുന്നവരെയുമാണ്. പിണറായിയെ പോലെ വില കുറഞ്ഞ ഒരു നേതാവ് ഇന്ത്യയിൽ ഉണ്ടാകില്ല. ഇടതു പക്ഷത്തിന്റെ കഥ കഴിക്കാൻ ആണ് പിണറായിയുടെ ശ്രമമെന്നും കെ എം ഷാജി ആരോപിച്ചു.

ലീഗിന് ജമാഅത്തെ ഇസ്ലാമിയുമായി ഒരു ബന്ധവുമില്ലെന്ന് പിഎംഎ സലാം

ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലാണ് മുസ്ലിം ലീഗെന്ന സിപിഎം നേതാവ് എ കെ ബാലന്‍റെ ആരോപണത്തിന് മറുപടിയുമായി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. എ കെ ബാലൻ്റേത് ആടിനെ പട്ടിയാക്കുന്ന പ്രചാരവേലയാണ്. നട്ടാൽ മുളയ്ക്കാത്ത പച്ചക്കള്ളം പറയുന്നത് എ കെ ബാലന്‍റെയും മാർക്സിസ്റ്റ് പാർട്ടിയുടെയും സ്വഭാവമാണ്. തെരഞ്ഞെടുപ്പ് പരാജയം മുന്നിൽ കാണുമ്പോൾ ഉണ്ടാകുന്ന വിഭ്രാന്തിയാണ്. വായിൽ വരുന്നത് കോതയ്ക്ക് പാട്ട് പോലെയാണ് ബാലൻ്റെ കാര്യം. പറയുന്ന ഒന്നിനും അടിസ്ഥാനമില്ലെന്ന് മാത്രമല്ല തെളിയിക്കാൻ ഇവർക്ക് സാധിക്കുന്നുമില്ല. ലീഗിന് ജമാഅത്തെ ഇസ്ലാമിയുമായി ഒരു ബന്ധവുമില്ലെന്നും വെൽഫെയർ പാർട്ടിയുമായിട്ടാണ് ബന്ധമെന്നും പി എം എ സലാം പറഞ്ഞു.

പറഞ്ഞത് ബാലൻ ആയതിനാൽ മറുപടി കുറച്ചു കഴിഞ്ഞു പറഞ്ഞാൽ മതിയെന്നും പി എം എ സലാം പ്രതികരിച്ചു.മണിക്കൂറുകൾക്കുള്ളിൽ പറഞ്ഞത് പിൻവലിച്ചു മാപ്പ് പറയുന്ന ആളാണ് എ കെ ബാലൻ. ഇക്കാര്യത്തിലും അതിനാണ് സാധ്യതയെന്നും പി എം എ സലാം പറഞ്ഞു. കെ എം ഷാജി ജമാഅത്തിന്റെ സ്ഥാനാർത്ഥി എന്ന് പറഞ്ഞാൽ ലോകത്താരും വിശ്വസിക്കില്ല. ഇങ്ങനെയൊക്കെ പറഞ്ഞു ജീവിച്ചു പോവുകയാണെങ്കിൽ പൊക്കോട്ടെ. പേരാമ്പ്രയിലെ സ്ഥാനാർഥി ഫാത്തിമ തഹ്ലിയക്കെതിരെയും ഹീനമായ പ്രചാരവേല സഖാക്കൾ നടത്തി. ഇതൊക്കെ വ്യക്തമാക്കുന്നത് ഇടതുപക്ഷത്തിന്റെ പരാജയമാണെന്നും പിഎംഎ സലാം പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിയെ തൃപ്തിപ്പെടുത്താനാണ് കെ എം ഷാജിക്ക് കുഞ്ഞാലിക്കുട്ടി മത്സരിച്ച ഷുവര്‍ സീറ്റ് കൊടുത്തതെന്നാണ് കഴിഞ്ഞ ദിവസം എ കെ ബാലന്‍ പറഞ്ഞത്. പണ്ട് മുസ്ലിം ലീഗ് പ്രകടമായി തന്നെ ജമാഅത്തെ ഇസ്ലാമിക്കെതിരെ നിലപാട് എടുത്തിരുന്നു. ശിഹാബ് തങ്ങളുടെ കാലത്ത് അതിശക്തമായ നിലപാട് ഈ സംഘടനക്കെതിരെ എടുത്തിരുന്നു. ഇപ്പോള്‍ അതുമായി വിധേയപ്പെട്ടു പോവുന്നു എന്നതിന്റെ തെളിവാണ് കെ എം ഷാജിക്ക് കുഞ്ഞാലിക്കുട്ടി മത്സരിച്ച ഒന്നാം നമ്പര്‍ ഷുവര്‍ സീറ്റ് കൊടുത്തതെന്നും ബാലന്‍ പറഞ്ഞു.

YouTube video player