Asianet News MalayalamAsianet News Malayalam

ശ്രീറാം വെങ്കിട്ടരാമനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ: കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാതെ പൊലീസ്

സസ്പെന്‍ഷന്‍ കാലാവധി ആറ് മാസം പിന്നിട്ടെന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് ശ്രീറാമിന്‍റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാനുള്ള നീക്കം. 

Committee chaired by Chief Secretary recommended to retrieve Sriram venkitaraman to service
Author
Thiruvananthapuram Zoo, First Published Jan 29, 2020, 7:31 AM IST

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ. ചീഫ് സെക്രട്ടറി ടോം തോമസ് അധ്യക്ഷനായ സമിതിയാണ് ശ്രീറാമിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. 

സസ്പെന്‍ഷന്‍ കാലാവധി ആറ് മാസം പിന്നിട്ട സാഹചര്യത്തിലാണ് ഈ സാങ്കേതികത്വം ചൂണ്ടിക്കാട്ടി ശ്രീറാമിനെ തിരിച്ചെടുക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.  സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ കമ്മീഷനെ സര്‍ക്കാര്‍ നേരത്തെ നിയമിച്ചിരുന്നു. ഈ അന്വേഷണ കമ്മീഷന്‍റെ റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനുള്ളില്‍ വരാനിരിക്കുമ്പോള്‍ ആണ് പെട്ടെന്നുള്ള ശുപാര്‍ശ.

 പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലും സസ്പെന്‍ഷന്‍ കാലാവധി ആറ് മാസം പിന്നിടുകയും ചെയ്ത സാഹചര്യത്തില്‍ സസ്പെന്‍ഷന്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ശ്രീറാമിന് വേണമെങ്കില്‍ അഡ്‍മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാമെന്ന് ചീഫ് സെക്രട്ടറിയുടെ ഓഫീസ് ചൂണ്ടിക്കാട്ടുന്നു. അപ്പോഴും അന്വേഷണകമ്മീഷന്‍റെ റിപ്പോര്‍ട്ട് വരും വരെയെങ്കിലും കാത്തിരിക്കാതിരുന്നതെന്ത് എന്ന ചോദ്യം ബാക്കിയാണ്. 

2019 ഓഗസ്റ്റ് മൂന്നാം തീയതിയാണ് തിരുവനന്തപുരം മ്യൂസിയം ജംഗ്ഷന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിന്‍റെ  തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെഎം ബഷീര്‍ കൊല്ലപ്പെടുന്നത്. അന്നു സര്‍വ്വേ ഡയറക്ടറായിരുന്ന ശ്രീറാമിനെ സര്‍ക്കാര്‍  സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ കേസില്‍ പൊലീസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കുറ്റപത്രം സമര്‍പ്പിച്ചിരുന്നുവെങ്കില്‍ ചട്ടപ്രകാരം സസ്പെന്‍ഷന്‍ റദ്ദാക്കാന്‍ സാധിക്കുമായിരുന്നില്ല. 

അപകടം നടക്കുമ്പോള്‍ താനല്ല ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസാണ് വാഹനം ഓടിച്ചതെന്നായിരുന്നു ശ്രീറാം ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതിക്ക് നല്‍കിയിരുന്ന വിശദീകരണം.  അപകടസമയത്ത് മദ്യപിച്ചിരുന്നുവെന്ന ആരോപണം നിഷേധിക്കുന്ന ശ്രീറാം മനപൂര്‍വ്വമല്ല അപകടമുണ്ടായതെന്നും പൊലീസ് നടത്തിയ പരിശോധനയില്‍ തന്‍റെ രക്തത്തില്‍ മദ്യത്തിന്‍റെ അംശം കണ്ടെത്തിയിരുന്നില്ലെന്നും നേരത്തെ സമിതിക്ക് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios