കൽപ്പറ്റ: ദിവസവും നൂറുകണക്കിന് ചരക്ക് വാഹനങ്ങളാണ് മുത്തങ്ങ ചെക്പോസ്റ്റ് വഴി കടന്നു പോയിരുന്നത്. എന്നാൽ ലോക് ഡൗണിന് പിന്നാലെ സംസ്ഥാനത്തേക്കുള്ള ചരക്കുനീക്കം കുറഞ്ഞു. ചരക്ക് എടുക്കാൻ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ കർണാടകയിലേക്ക് പ്രവേശിക്കുന്നത് പരിമിതപ്പെടുത്തിയതാണ് പ്രതിന്ധിക്ക് കാരണം. 

കഴിഞ്ഞ ദിവസം രാവിലെ മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ലോറികൾ, ചരക്കെടുക്കുന്നതിനായി എത്തിയെങ്കിലും കർണാടകയിലേക്ക് കടത്തിവിടാൻ അധികൃതർ തയ്യാറായില്ല. മുത്തങ്ങവഴിയെത്തിയ ലോറികൾ കർണാടകാതിർത്തിയായ മൂലഹള്ളിയിൽ വനംവകുപ്പിന്റെ ചെക്പോസ്റ്റിൽ തടഞ്ഞിട്ടു.

മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ വൈകിട്ടോടെ കുറച്ച് ലോറികൾ മാത്രമാണ് കർണാടകയിലേക്ക് കടത്തിവിട്ടത്. കർണാടകയിലേക്ക് ചരക്കെടുക്കാൻ പോകുന്ന വാഹനങ്ങളുടെയും ഡ്രൈവർമാരുടെയും വിവരങ്ങൾ കേരള ഉദ്യോഗസ്ഥർ, കർണാടക അധികൃതർക്ക് ഓൺലൈനായി സമർപ്പിച്ചെങ്കിലും അതിന് അനുമതി ലഭിക്കാൻ താമസിച്ചതിനാലാണ് ലോറികൾ ചെക്പോസ്റ്റിൽ തടഞ്ഞിട്ടത്.

മോട്ടോർ വാഹനവകുപ്പും ആരോഗ്യവകുപ്പും ചേർന്നാണ് ചരക്കുവാഹനങ്ങൾക്ക് കർണാടകയിലേക്ക് പോകുന്നതിന് പാസ് നൽകുന്നത്. ഇത് റവന്യൂവകുപ്പ് അധികൃതർ കർണാടക പൊലീസിന് ഓൺലൈനായി നൽകും. അയൽ സംസ്ഥാനങ്ങളിൽ നിന്ന്‌ വടക്കൻ കേരളത്തിലേക്കുള്ള ചരക്ക് ഗതാഗതത്തിനുള്ള പ്രധാന പാതയാണ് മുത്തങ്ങ. ഇവിടെ നിരോധനവും നിയന്ത്രണങ്ങളുമേർപ്പെടുത്തിയാൽ വരും ദിവസങ്ങളിൽ ഭക്ഷ്യസാധനങ്ങൾക്കുൾപ്പെടെ കടത്തുക്ഷാമം നേരിടുമെന്നാണ് ആശങ്ക. 

നിലവിൽ പല കടകളിലും സാധനങ്ങൾ കാലിയായിട്ടുണ്ട്. പച്ചക്കറികൾക്ക് വില കൂടുകയും ചെയ്തു. ബാവലി വഴി ചരക്കുഗതാഗതം അനുവദിക്കില്ലെന്നും മുത്തങ്ങ വഴി പരിമിതമായ ചരക്കുവാഹനങ്ങൾ കടത്തിവിടാൻ അനുവദിക്കുമെന്നും കർണാടക അധികൃതർ വ്യക്തമാക്കിയിരുന്നു. 

വയനാട് കലക്ടർ ഡോ. അദീല അബ്ദുള്ള, ജില്ലാ പൊലീസ് മേധാവി ആർ. ഇളങ്കോ, കർണാടക ചാമരാജ് നഗർ എസ്.പി. അനന്തകുമാർ, കർണാടക സതേൺ റെയ്ഞ്ച് ഐ.ജി. വിപ്പിൾ കുമാർ എന്നിവരുടെ കൂടിക്കാഴ്ചയിലാണ് കർണാടക അധികൃതർ ഇക്കാര്യം അറിയിച്ചത്. വാഹനവുമായി രാത്രിയിൽ കർണാടകയിൽ തങ്ങാൻ പാടില്ലെന്നും  ചരക്ക് നീക്കം പരമാവധി പകൽനേരങ്ങളിൽ ആകണമെന്നുമാണ് നിർദേശം.