തിരുവനന്തപുരം: അവിനാശി ബസപകടത്തില്‍ മരണപ്പെട്ട യാത്രക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തില്‍ മരണപ്പെട്ട യാത്രക്കാരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതം നല്‍കും. കെഎസ്ആര്‍ടിസി ടിക്കറ്റില്‍ ഈടാക്കുന്ന സെസില്‍ നിന്നുമായിരിക്കും യാത്രക്കാരുടെ ഇന്‍ഷുറന്‍സ് തുക നല്‍കുക. നഷ്ടപരിഹാരത്തിന്‍റെ ആദ്യഘഡുവായ രണ്ട് ലക്ഷം രൂപ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ കൊടുക്കും. 

കൊലപ്പെട്ട കെഎസ്ആര്‍ടിസി ജീവനക്കാരായ ഗിരീഷിന്‍റേയും ബൈജുവിന്‍റേയും കുടുംബാംഗങ്ങള്‍ക്ക് ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നും 30 ലക്ഷം രൂപ വീതം നല്‍കാനും തീരുമാനമായിട്ടുണ്ട്. ഇതു കൂടാതെ അപകടത്തില്‍ പരിക്കേറ്റ എല്ലാവരുടേയും ചികിത്സാ ചിലവ് സര്‍ക്കാര്‍ എറ്റെടുത്തിട്ടുണ്ട്. മരണപ്പെട്ടവരുടെ മൃതശരീരങ്ങള്‍ നാട്ടില്‍ എത്തിക്കാനായി ഇരുപത് ആംബലുന്‍സുകള്‍ അവിനാശിയില്‍ എത്തിയിട്ടുണ്ട്. 

നിലവില്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായങ്ങള്‍ക്ക് പുറമേ കൂടുതല്‍ ധനസഹായം മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്ന കാര്യവും സര്‍ക്കാര്‍ ഇപ്പോള്‍ പരിഗണിക്കുന്നുണ്ട്. അപകടവിവരം അറിഞ്ഞപ്പോള്‍ മുതല്‍ മുഖ്യമന്ത്രിയും ഡിജിപിയും തമിഴ്നാട് സര്‍ക്കാരുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഇടപെട്ടിരുന്നു. ഗതാഗതമന്ത്രി എകെ ശശീന്ദ്രനും മന്ത്രി വിഎസ് സുനില്‍ കുമാറും മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം അവിനാശിയില്‍ എത്തുകയും ചെയ്തു.