നഷ്ടപരിഹാരം സംസ്ഥാനം വഹിക്കേണ്ടി വന്നാല്‍ ഉണ്ടാകാവുന്ന സാമ്പത്തിക ബാധ്യതയും തീരുമാനം നടപ്പാക്കുമ്പോള്‍ ഉയര്‍ന്നേക്കാവുന്ന നിയമക്കുരുക്കുകളും സങ്കീര്‍ണമാണ്.

ദില്ലി കൊവിഡ് ബാധിതരുടെ മരണത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രിംകോടതി നിര്‍ദേശം നടപ്പാവുന്നതോടെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേരളം നടത്തേണ്ടി വരിക വന്‍ പൊളിച്ചെഴുത്ത്. ഇക്കാര്യത്തില്‍ കേന്ദ്രമാര്‍ഗ നിര്‍ദേശത്തിന് കാത്തിരിക്കുകയാണ് സംസ്ഥാനം. നഷ്ടപരിഹാരം സംസ്ഥാനം വഹിക്കേണ്ടി വന്നാല്‍ ഉണ്ടാകാവുന്ന സാമ്പത്തിക ബാധ്യതയും തീരുമാനം നടപ്പാക്കുമ്പോള്‍ ഉയര്‍ന്നേക്കാവുന്ന നിയമക്കുരുക്കുകളും സങ്കീര്‍ണമാണ്.

നിലവില്‍ കൊവിഡ് മരണങ്ങള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നുവെന്ന പേരില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുണ്ട്. ഇതിനിടയിലാണ് കൊവിഡ് അനബന്ധ മരണം പോലും കൊവിഡ് മരണമായി പരിഗണിക്കണമെന്ന നിര്‍ദേശം. പുതിയ സംവിധാനം നടപ്പാക്കുന്നതോടെ കേരളം മരണം റിപ്പോര്‍ട്ട് ചെയ്യുന്നതിലെ രീതി പൊളിച്ചെഴുതേണ്ടി വരും.

വലിയ വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് കൊവിഡ് മരണം തീരുമാനിക്കുന്നത് സംസ്ഥാനത്തെ ഡെത്ത് ഓഡിറ്റ് കമ്മിറ്റിയില്‍ നിന്ന് ജില്ലാതലത്തിലേക്ക് മാറ്റിയത്. നിലവില്‍ ജില്ലാ തല കമ്മിറ്റിയാണ് കൊവിഡ് മരണം തീരുമാനിക്കുന്നത്. ചികിത്സിക്കുന്ന ഡോക്ടര്‍ തന്നെ മരണകാരണം നിര്‍ണയിച്ച് രേഖ നല്‍കണമെന്നാണ് ഒരു വിഭാഗം വിദഗ്ധര്‍ ആവശ്യപ്പെടുന്നത്. മരണസര്‍ട്ടിഫിക്കറ്റില്‍ പലപ്പോഴും കൃത്യമായ മരണകാരണം രേഖപ്പെടുത്താറില്ലെന്ന വിമര്‍ശനവുമുയര്‍ന്നിരുന്നു. 

നഷ്ടപരിഹാരം നല്‍കുന്ന ഘട്ടമെത്തിയാല്‍ ഇത് തര്‍ക്കങ്ങള്‍ക്കിടയാക്കും. നിയമക്കുരുക്കിലേക്കും പോകും. നിര്‍ണായക രേഖയായതിനാല്‍ കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാതിരിക്കുന്നത് തുടരാനാവില്ല. പുതിയ സാഹചര്യത്തില്‍ നഷ്ടപരിഹാരം നല്‍കുന്നതിന് കേന്ദ്ര മാര്‍ഗനിര്‍ദേശം വന്നശേഷം ആലോചന തുടങ്ങും. കൊവിഡ് അനുബന്ധ മരണം പോലും കോവിഡ് മരണമായി രേഖപ്പെടുത്താനുള്ള സുപ്രീംകോടതി നിര്‍ദേശം പ്രായോഗികമായി എങ്ങനെ നടപ്പാക്കുമെന്നതില്‍ സംസഥാനത്തിന് ആശങ്കയുണ്ട്. 

വിഷയം സംസ്ഥാനത്തിന്റെ പരിധിലായത് കൊണ്ട് നഷ്ടപരിഹാരം സംസ്ഥാനം വഹിക്കേണ്ടി വരുമെന്നാണ് കരുതുന്നത്. നേരത്തെ പട്ടികയില്‍ നിന്നൊഴിവാക്കപ്പെട്ടവര്‍ നിയമനടപടി സ്വീകരിക്കുമോ എന്നതും ആശങ്കയാണ്. നിലവില്‍ 13235 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് സര്‍ക്കാര്‍ കണക്ക്. 399 മരണം ഔദ്യോഗികമായി ഒവിവാക്കി. എന്നാല്‍ ഇത് നാലായിരത്തിലധികം വരുമെന്നാണ് വിമര്‍ശനം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona