സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റാത്തതിനാൽ മഴക്കാലത്ത് പ്ലാസ്റ്റിക് മാലിന്യങ്ങളിൽ കൊതുക് നിറഞ്ഞ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമോയെന്നാണ് പ്രദേശവാസികളുടെ ആശങ്ക
കണ്ണൂര്‍: പരിയാരം പഞ്ചായത്തിൽ ഹരിതകർമസേന വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം പൊതു ഇടങ്ങളിൽ സൂക്ഷിക്കുന്നതായി പരാതി. വീടുകളിൽ നിന്ന് മാസത്തിൽ 40 രൂപ വീതം ഈടാക്കിയാണ് ഹരിതകർമസേന പ്ലാസ്റ്റിക് മാലിന്യം എടുക്കുന്നത്. ഇത് പിന്നീട് വേർതിരിച്ച് ഗ്രീൻ കേരളയ്ക്ക് കൈമാറുകയാണ് ചെയ്യുക. പരിയാരം പഞ്ചായത്തിലെ വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം പരിയാരം ശ്മശാനത്തിന് സമീപത്തെ പ്ലാസ്റ്റിക്ക് ശേഖരണ കേന്ദ്രത്തിലാണ് സൂക്ഷിക്കാറ്. ഈ കേന്ദ്രത്തിൽ എത്തിക്കുന്നതിന് മുൻപായി വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം പ്രദേശത്തെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും പകൽ വീടിൻ്റെ കെട്ടിടത്തിലുമടക്കം പൊതുജനങ്ങൾ സ്ഥിരമായി എത്തുന്നയിടങ്ങളിൽ കൂട്ടി വച്ചിട്ടുണ്ട്. സംഭരണ കേന്ദ്രത്തിലേക്ക് കൊണ്ട് പോകാൻ വൈകുന്നത് പ്രയാസമുണ്ടാക്കുന്നതായാണ് പരാതി.
സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റാത്തതിനാൽ മഴക്കാലത്ത് പ്ലാസ്റ്റിക് മാലിന്യങ്ങളിൽ കൊതുക് നിറഞ്ഞ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമോയെന്നാണ് പ്രദേശവാസികളുടെ ആശങ്ക. എന്നാൽ ഹരിതകർമ സേനക്ക് ഒരു വാഹനം മാത്രമാണ് ഉള്ളതെന്നും പഞ്ചായത്തിൻ്റെ എല്ലാ ഭാഗത്ത് നിന്നും മാലിന്യം ശേഖരിക്കേണ്ടതിനാലാണ് കാലതാമസം ഉണ്ടാകുന്നത് എന്നുമാണ് പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ വിശദീകരണം. മാലിന്യ സംഭരണ കേന്ദ്രത്തിന് പുറകിലെ കല്ലുവെട്ടുകുഴിയിൽ ഹരിത കർമസേന അനധികൃതമായി പ്ലാസ്റ്റിക് തള്ളിയെന്ന് പരാതിയുണ്ടെങ്കിലും ഇത് പൊതുജനങ്ങൾ തന്നെ കൊണ്ടുവന്നിട്ടതാണെന്നും പ്രസിഡണ്ട് പറയുന്നു.
