പാലക്കാട്: മിശ്രവിവാഹിതർക്ക് നേരെ മൂന്ന് തവണ പെൺകുട്ടിയുടെ വീട്ടുകാരുടെ ഭാഗത്ത് നിന്ന് ആക്രമണം ഉണ്ടായിട്ടും വധശ്രമത്തിനു കേസെടുക്കാതെ പാലക്കാട്ടെ മങ്കര പൊലീസ്. തേങ്കുറിശ്ശി സംഭവത്തിന് തൊട്ടടുത്ത ദിവസം വധശ്രമം നടന്നിട്ടും അടിപിടി കേസ് മാത്രമായി 
തീ‍ർപ്പാക്കാനാണ് പൊലീസ് ശ്രമമെന്നാണ് ആക്രമണത്തിനിരയായ അക്ഷയ് പറയുന്നത്.

തേങ്കുറിശ്ശിയിൽ പൊലീസ് ജാഗ്രതക്കുറവെന്ന ആരോപണത്തിന് തൊട്ടുപുറകേയാണ് പാലക്കാട്ടുനിന്നുതന്നെ സമാന പരാതിയുയരുന്നത്. ജീവൻതിരികെ കിട്ടിയത് ഭാഗ്യമായി ഇവർ കാണുന്നു. ഒക്ടോബർ രണ്ടിന് വിവാഹിതനായ അക്ഷയ് ക്ക് നേരെ ആക്രമണമുണ്ടായത് ഞായറാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങും വഴി. ഭാര്യ സുറുമിയുടെ അമ്മാവൻമാരായ അബുതാഹിർ, ഹക്കീം എന്നിവരാണ് ആക്രമിച്ചതെന്ന് അക്ഷയ്. മുഖത്തും കാലിനും പരിക്കേറ്റെങ്കലും പെട്ടെന്ന് ഒഴിഞ്ഞുമാറിയതിനാലാണ് രക്ഷപ്പെട്ടതെന്ന് അക്ഷയ് പറയുന്നു. വടിവാൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ആക്രമണം.

വിവാഹശേഷം നിരന്തരം ഭീഷണികളുണ്ടായെന്നും ഇത് മൂന്നാമത്തെ ആക്രമണമാണെന്നം അക്ഷയ്. അമ്മാവനമാരുടെ ഭീഷണി സുറുമിയും ശരിവയ്ക്കുന്നു. പരാതിയെതുടർന്ന് അബു താഹിറിനെയും ഹക്കീമിനെയും അറസ്റ്റ് ചെയ്തെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇവർക്കെതിരെ ചുമത്തിയത് അടിപിടികേസിനുളള വകുപ്പുകൾ മാത്രം. വധശ്രമത്തിന് കേസ്സെടുക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. തേങ്കുറിശ്ശിയിലെ ദുരഭിമാനക്കൊലയ്ക്ക് തൊട്ടുപുറക നടന്ന സംഭവമായിട്ടും പൊലീസ് ജാഗ്രതക്കുറവിൽ പ്രതിഷേധം ശക്തമാണ്.