കോഴിക്കോട്: കോഴിക്കോട് ഫറോഖിലെ പ്രവാസികൾക്കുള്ള ക്വാറന്‍റീൻ കേന്ദ്രത്തിലെ വൃത്തിഹീന സാഹചര്യം ചൂണ്ടിക്കാണിച്ചപ്പോൾ പൊലീസ് ഭീഷണിപ്പെടുത്തിയതായി പരാതി. അറസ്റ്റ് ചെയ്ത് കൊവിഡ് വാ‍ർഡിലേക്ക് മാറ്റുമെന്നായിരുന്നു പൊലീസിന്‍റെ മറുപടിയെന്ന് ബഹ്റൈനിൽ നിന്നെത്തിയവർ പറയുന്നു. മുറിക്കുള്ളിൽ താമസിക്കാൻ കഴിയാത്തതിനാൽ പലരും പണം ഈടാക്കുന്ന ക്വാറന്‍റീൻ കേന്ദ്രത്തിലേക്ക് മാറുകയാണ്.

ഫറോഖിലെ റൈസ് ഹോസ്റ്റലിൽ ഒരുക്കിയ ക്വാറന്‍റീൻ മുറിയിലാകെയും കിടക്കയിലും പൊടിശല്യവും മാറാലയുമാണ്. പാറ്റയും പഴുതാരയും അടക്കമുള്ള ക്ഷുദ്രജീവികളെയും റൂമിൽ കാണാം. ബാത്ത് റൂം ഉപയോഗിക്കാൻ കഴിയാത്തത്ര ദയനീയമാണ്. ബഹ്റെയ്നിൽ നിന്നെത്തിയ 36 പേരാണ് ഈ ഹോസ്റ്റലിൽ ഉള്ളത്. പൊലീസിനോടും ഹെൽത്ത് ഇൻസ്പെക്ടറിനോടും പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായില്ല. മുറിക്കുള്ളിൽ കയറില്ലെന്ന് പറഞ്ഞപ്പോഴായിരുന്നു പൊലീസിന്‍റെ വക ഭീഷണിയെന്ന് 
ക്വറന്‍റൈനിൽ കഴിയുന്നവർ പറഞ്ഞു. 

ഫറോഖ് മുൻസിപ്പാലിറ്റിയുടെ കീഴിലാണ് ഈ ക്വറന്‍റീൻ കേന്ദ്രമുള്ളത്. സമയപരിമിതിക്കുള്ളിൽ നിന്ന് കൊണ്ട് മികച്ച സൗകര്യം ഒരുക്കിയെന്നാണ് വാർഡ് കൗൺസിലറുടെ വിശദീകരണം. അതേസമയം പണം ഈടാക്കുന്ന ക്വറന്‍റീൻ കേന്ദ്രത്തിലേക്ക് മാറണമെന്ന ആവശ്യത്തോടും അധികൃതർ മുഖം തിരിച്ചെന്ന് ഹോസ്റ്റലിൽ ഉള്ളവർ പറയുന്നു. പിന്നീട് ഡെപ്യൂട്ടി കളക്ടറെ നേരിട്ട് വിളിച്ച് പരാതിപ്പെട്ടപ്പോഴാണ് ഇതിനുള്ള സൗകര്യമൊരുക്കിയത്. ഇതോടെ കൂടുതൽ പേർ ഈ കേന്ദ്രം ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണ്. ഇവിടെ ബിഎസ്എൻഎൽ സിം കിട്ടാൻ വൈകിയെന്നും പരാതിയുണ്ട്.