Asianet News MalayalamAsianet News Malayalam

കെ റെയിൽ പ്രതിഷേധക്കാരെ ചവിട്ടിയ ഉദ്യോഗസ്ഥനെതിരെ പൊലീസ് കംപ്ലെയ്ൻ്റ് അതോറിറ്റിക്ക് പരാതി

അന്വേഷണ വിധേയമായാണ് സ്ഥലം മാറ്റം. ഷെബിറിനെതിരെ അന്വേഷണ റിപ്പോർട്ട് കിട്ടിയിട്ടും നടപടിയെടുക്കാതിരുന്നത് വിവാദമായിരുന്നു

Complaint against police officer who manhandled K Rail protesters
Author
Kazhakkoottam, First Published Apr 28, 2022, 4:58 PM IST

തിരുവനന്തപുരം:  കെ. റെയിൽ സമരത്തിനിടെ കഴക്കൂട്ടത്ത് സമരക്കാരെ ചവിട്ടി വീഴ്ത്തിയ പൊലീസുകാരനെതിരെ പൊലീസ് കംപ്ലയിന്റ് അതോററ്റിയിൽ പരാതി. മർദ്ദനമേറ്റ കോൺ​ഗ്രസ് പ്രവ‍ർത്തകൻ ജോയിയാണ് മംഗലപുരം സ്റ്റേഷനിലെ പൊലീസുകാരൻ ഷബീറിനെതിരെ പരാതി നൽകിയത്. ഷബീറിനെ സസ്പെന്റ് ചെയ്യണമെന്നും എസ്.സി/എസ്.ടി നിയമ പ്രകാരം കേസെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.

സമരക്കാരെ ചവിട്ടിയ നടപടി വിവാദമായതോടെ ഷെബീറിനെ  എആർ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. അന്വേഷണ വിധേയമായാണ് സ്ഥലം മാറ്റം. ഷെബിറിനെതിരെ അന്വേഷണ റിപ്പോർട്ട് കിട്ടിയിട്ടും നടപടിയെടുക്കാതിരുന്നത് വിവാദമായിരുന്നു. കെ.റെയിൽ വിരുദ്ധ സമരക്കാരനെ ഷെബീർ  മുഖത്തടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. 

കഴിഞ്ഞ വ്യാഴാഴ്ചയാണ് കഴക്കൂട്ടം കരിച്ചാറയിൽ കെ.റെയിൽ സ‍ർവ്വേയ്ക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകനെതിരെ പൊലീസ് അതിക്രമം ഉണ്ടായത്. കോണ്‍ഗ്രസ് പ്രവർത്തകൻ ജോയിയെ മംഗലപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ 
ഷെബീർ ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യങ്ങൾ അന്ന് തന്നെ പുറത്തുവന്നിരുന്നു. ഷെബീർ ജോയുടെ  മുഖത്തടിച്ച് വീഴ്ത്തുന്ന ദൃശ്യങ്ങളും ഇന്ന് പുറത്തുവന്നു. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു അതിക്രമം. 

സമരക്കാരെ ചവിട്ടേണ്ട യാതൊരു സാഹചര്യവുമില്ലാതെയായിരുന്നു പൊലീസുകാരൻ അതിക്രം കാണിച്ചതെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. അമിത ബലപ്രയോഗം പാടില്ലായിരുന്നുവെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.  ഷെബീറിനെതിരെ ഒരു ഡിവൈഎസ്പിയുടെ റിപ്പോർട്ടുണ്ടായിട്ടും വീണ്ടും വകുപ്പ് തല അന്വേഷണത്തിനായിരുന്നു റൂറൽഎസ്പിയുടെ ഉത്തരവ്. വകുപ്പ്തല അന്വേഷണത്തിന് ശേഷം തുടർ നടപടികളാകാമെന്നായിരുന്നു നിർദ്ദേശം.

എന്നാൽ പൊലീസ് ഷെബീറിനെ സംരക്ഷിക്കുന്നുവെന്ന വിമർശനം ശക്തമായതോടെയാണ് സ്ഥലംമാറ്റ നടപടി വന്നത്. വകുപ്പ് തല അന്വേഷണം തുടരും. ജില്ലാ പൊലീസ് മേധാവിയാണ് നടപടിക്ക് ഉത്തരവിട്ടത്. ഉന്നത ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്തിനും, പൊലീസുകാർ തമ്മിലടിച്ചതിനും ഉൾപ്പെടെ നിരവധി പ്രാവശ്യം അച്ചടക്ക നടപടി നേരിട്ട് ഉദ്യോഗസ്ഥനാണ് ഷെബീർ. ഗാർഹിക അതിക്രമത്തിനും നടപടി നേരിട്ടുണ്ട്. ഇത്രയധികം വിവാദങ്ങളുണ്ടായിട്ടും ജോലിയിൽ മാറി നിൽക്കാൻ പോലും ഉന്നത ഉദ്യോഗസ്ഥർ നിർദ്ദേശിക്കാത്തതും വിവാദമായിരുന്നു.

Follow Us:
Download App:
  • android
  • ios