കാസർകോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്ന് പ്രചാരണം നടത്തിയ പൊലീസുകാരനെതിരെ പരാതി. ഡിവൈഎഫ്ഐ പയ്യന്നൂർ വെസ്റ്റ് മേഖല കമ്മിറ്റി പ്രസിഡന്റ് ഹാഷിം ആണ് പരാതി നൽകിയത്.

വാട്സ്ആപ്പ് വഴി പ്രചാരണം നടത്തിയെന്ന് ആരോപിച്ച് കാസർകോട് മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതി മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി.

പ്രളയകാലത്തുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന ചെയ്യരുതെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യല്‍ മീഡിയയിലടക്കം വ്യാപകമായി പ്രചരിക്കുന്നതിനിടയിലാണ് പൊലീസുകാരനെതിരെ പരാതി നല്‍കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.