സമൂഹമാധ്യമങ്ങളിൽ വൈറലായ പോറ്റിയെ കേറ്റിയെ എന്ന പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പ്രാഥമികാന്വേഷണം

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ വൈറലായ പോറ്റിയെ കേറ്റിയെ എന്ന പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പ്രാഥമികാന്വേഷണം. പരാതി ഡിജിപി എഡിജിപിക്ക് കൈമാറി. പാരഡി പാട്ടില്‍ വിശ്വാസത്തെ വൃണപ്പെടുത്തുന്ന പരാമർശങ്ങൾ ഉണ്ടായോ എന്ന് പരിശോധിക്കും. കേസെടുക്കുന്നതില്‍ ആശയക്കുഴപ്പം ഉണ്ടെന്നാണ് റിപ്പോർട്ട്. നിയമോപദേശത്തിന് ശേഷമേ കേസെടുക്കുകയുള്ളൂ. ഒരു കലാസൃഷ്ടിയെന്ന നിലയിൽ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ടോയെന്നും പരിശോധിക്കും. രാഷ്ട്രീയലാഭത്തിന് അയ്യപ്പഭക്തരെ അപമാനിക്കുംവിധമുള്ള പാട്ട് പിൻവലിക്കണമെന്നാണ് പരാതിക്കാരനായ തിരുവാഭരണപാത സംരക്ഷണസമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയുടെ ആവശ്യം. ഗാനം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് സിപിഎമ്മും രംഗത്തെത്തിയിരുന്നു.

ശബരിമല ചർച്ചയായ തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും പാട്ട് വൈറലായിരുന്നു. എന്നാൽ പോറ്റിയെ കേറ്റിയെ എന്ന പാരഡി ഗാനം അയ്യപ്പ ഭക്തരെ വേദനിപ്പിക്കുന്നതെന്നാണ് പരാതി. പാട്ട് പിൻവലിക്കാൻ നടപടിയെടുക്കണമെന്നാണ് തിരുവാഭരണപാത സംരക്ഷണസിമിതി ഡിജിപിക്ക് പരാതിയിൽ ആവശ്യപ്പെടുന്നത്. പത്തനംതിട്ട റാന്നി സ്വദേശിയാണ് പരാതിക്കാരനായ പ്രസാദ് കുഴിക്കാല. പരാതിയെ പിന്തുണച്ച് സിപിഎം ജില്ലാ രാജു എബ്രഹാമും തൊട്ടുപിന്നാലെ രംഗത്തെത്തി. കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ പാർമെന്‍റിന് മുന്നിൽ വരെ പോറ്റിയെ കേറ്റിയെ എന്ന ഗാനം പ്രതിഷേധ സൂചകമായി ആലപിച്ചിരുന്നു.

YouTube video player