രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കി പാലക്കാട്ടെ മഹിളാമോർച്ച നേതാവ് അശ്വതി മണികണ്ഠന്‍
പാലക്കാട്: യുവതിയെ ഗർഭഛിദ്രത്തിനു വേണ്ടി നിര്‍ബന്ധിക്കുന്നതിന്‍റെ കൂടുതല്‍ ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി. പാലക്കാട്ടെ മഹിളാമോർച്ച നേതാവ് അശ്വതി മണികണ്ഠനാണ് രാഹുലിനെതിരെ പരാതി നൽകിയത്. ദേശീയ, സംസ്ഥാന ബാലാവകാശ കമ്മീഷനുകൾ, ജില്ലാ വനിതാ സംരക്ഷണ കേന്ദ്രം എന്നിവിടങ്ങളിലാണ് പരാതി നൽകിയത്. പുറത്തുവന്ന സ്ക്രീന്‍ ഷോട്ടുകളും ഫോണ്‍ സംഭാഷണങ്ങളും തെളിവായി കാണിച്ചുകൊണ്ടാണ് പരാതി.
ഇന്ന് 3.30 ന് നടത്താനിരുന്ന വാര്‍ത്താ സമ്മേളനം അപ്രതീക്ഷിതമായി രാഹുല്‍ മാറ്റുകയായിരുന്നു. മുതിര്‍ന്ന നേതാക്കൾ ഇടപെട്ടാണ് മാധ്യമങ്ങളോട് പ്രതികരിക്കാതിരുന്നതെന്നാണ് സൂചന. രാഹുലിനെതിരായി ഇന്ന് വീണ്ടും ഫോണ്‍ സംഭാഷണം പുറത്തുവന്ന സാഹചര്യത്തിലാണ് വാര്‍ത്താ സമ്മേളനം ഒഴിവാക്കിയത്. രാഹുല്‍ രാജിവെക്കണം എന്ന ആവശ്യം പാര്‍ട്ടിയില്‍ ഒരു വിഭാഗം ശക്തമായി ഉയര്‍ത്തുന്നുണ്ട്. വിഡി സതീശനും നിലപാട് കടുപ്പിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
