എന്തുകൊണ്ട് അര്‍ഹരായവര്‍ പട്ടികയ്ക്ക് പുറത്തായി എന്ന് ചോദിച്ചപ്പോള്‍ പ്രതികരിക്കില്ല എന്ന് മാത്രമായിരുന്നു താല്‍ക്കാലിക സെക്രട്ടറിയുടെ മറുപടി
തിരുവനന്തപുരം : കൊവിഡ് പ്രതിസന്ധിയില്‍ അകപ്പെട്ട കഥാപ്രസംഗ കലാകാരന്‍മാരെ സഹായിക്കാന്‍ സംഗീത നാടക അക്കാദമി തയ്യാറാക്കിയ പട്ടികയില്‍ അര്‍ഹതപ്പെട്ട പലരും പുറത്ത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പെന്‍ഷന്‍ കിട്ടുന്നവരും അടക്കമുള്ള സ്ഥിര വരുമാനക്കാര്‍ പട്ടികയില്‍ കടന്നു കൂടിയപ്പോള്‍ കഥാപ്രസംഗം ഉപജീവനമാക്കിയ നിരവധി പേര്‍ നിരാശയിലായി. കേരള സംഗീത നാടക അക്കാദമിയുടെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാനാണ് ഒരു കൂട്ടം കാഥികരുടെ തീരുമാനം.
കിളിമാനൂര്‍ സലിംകുമാര്‍ വര്‍ഷങ്ങളായി ഉല്‍സവപറമ്പുകളിലും മറ്റ് വേദികളിലും കഥാപ്രസംഗ രംഗത്ത് സജീവ സാന്നിധ്യം ആണ് . കഥാപ്രസംഗം തന്നെയാണ് സലിംകുമാറിന് ഉപജീവനമാര്‍ഗവും . കൊവിഡ് മഹാമാരി എല്ലാ കൂട്ടായ്മകളെയും ഇല്ലാതാക്കിയപ്പോള്‍ കഥാപ്രാസംഗികരും വീട്ടിലായി. വരുമാനമില്ല, രണ്ടുകൊല്ലത്തിലേറെ കടുത്ത പ്രതിസന്ധി. അതിനിടയിലാണ് ഒരു പ്രതീക്ഷയായി കേരളാ സംഗീത നാടക അക്കാദമി കൊവിഡ് പ്രതിന്ധിയിലാക്കിയ കഥാപ്രസംഗ കലാകാരന്‍മാര്‍ക്ക് വേണ്ടി മുന്നോട്ട് വന്നത്. മുപ്പത് സീനിയര്‍ കാഥികര്‍ക്കായി 12 ലക്ഷം രൂപ നീക്കിവെച്ചു. 5 കേന്ദ്രങ്ങളിലായി പരിപാടി അവതരിപ്പിച്ചാല്‍ 40000 രൂപ വെച്ച് ഒരോ കലാകാരനും കിട്ടും. പട്ടിക പുറത്തു വന്നു. കിളിമാനൂര്‍ സലിംകുമാര്‍ ഉള്‍പ്പടെ സംസ്ഥാനത്തെ യഥാർഥ കാഥികരില്‍ മിക്കവരും പട്ടികയിലില്ല.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സലിംകുമാറിനെ പോലെ തന്നെയാണ് സ്വന്തമായി ഒരു വീടു പോലുമില്ലാത്ത കാഥികന്‍ വെണ്‍മണി രാജു. കഥാ പ്രസംഗം മാത്രമാണ് വരുമാനം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അമ്പതിനായിരത്തിൽ ഏറെ പെന്‍ഷൻ വാങ്ങുന്നവരും സീരിയല്‍ താരങ്ങളുമൊക്കെ പട്ടികയില്‍ ഇടം നേടിയപ്പോള്‍ വെണ്‍മണി രാജുവും പുറത്തായി.
ഈ പട്ടികയിലെ പകുതിപേര്‍ക്കും കഥാപ്രസംഗം ഉപ ജീവന മാര്‍ഗമല്ല. കേരളാ സംഗീത നാടക അക്കാദമിയുടെ ഭാരവാഹികളെ തീരുമാനിച്ചിട്ട് മാസങ്ങളായി. ചുമതലയേറ്റില്ല. സാംസ്കാരിക വകുപ്പിലെ ജനാര്‍ദനന്‍ എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് അക്കാദമിയുടെ സെക്രട്ടറി ചുമതല. എന്തുകൊണ്ട് അര്‍ഹരായവര്‍ പട്ടികയ്ക്ക് പുറത്തായി എന്ന് ചോദിച്ചപ്പോള്‍ പ്രതികരിക്കില്ല എന്ന് മാത്രമായിരുന്നു താല്‍ക്കാലിക സെക്രട്ടറിയുടെ മറുപടി.
