കൊച്ചി: ന‍ടൻ ഷെയിൻ നിഗമിനെതിരായ പരാതിയിൽ  തുടർ നടപടി ആലോചിക്കുന്നതിനായി നിർമ്മാതാക്കളുടെ സംഘടനയായ പ്രോഡ്യൂസേഴ്സ് അസോസിയേഷൻ ഇന്ന് കൊച്ചിയിൽ യോഗം ചേരും. ഇന്നലെ നിശ്ചയിച്ച യോഗം ഭാരവാഹികളെല്ലാവരും എത്താതിനെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് നടത്താൻ മാറ്റിവെക്കുകയായിരുന്നു. നിലവിൽ ഷൂട്ടിങ് തുടരുന്ന സിനിമകൾ ഷെയിൻ നിഗം പൂർത്തിയാക്കിയില്ലെങ്കിൽ പുതിയ സിനിമകളിൽ സഹകരിപ്പിക്കാതിരിക്കുന്നതും യോഗം പരിഗണിക്കും. നിർമാതാവ് ജോബി ജോർജിന്‍റെ വെയിൽ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നാണ് ഷെയിൻ നിഗം കഴിഞ്ഞ ദിവസം ഇറങ്ങിപ്പോയത്.

വെയിൽ സിനിമയുടെ സംവിധായകൻ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചായിരുന്നു കഴിഞ്ഞ ദിവസം ഷെയ്ൻ നിഗം സെറ്റിൽ നിന്നും ഇറങ്ങിപ്പോയത്. ഇതിന് പിന്നാലെയാണ് മുടി പറ്റെവെട്ടി താടിയും മീശയും വടിച്ചുള്ള പുതിയ ലുക്കിലെ ഫോട്ടോ ഷെയ്ൻ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 

ശരത് സംവിധാനം ചെയ്യുന്ന വെയിൽ സിനിമയിൽ മുടിയും താടിയും നീട്ടിയുള്ള വേഷമാണ്  ഷെയ്നിന്റേത്. വെയിലിന്റെ ചിത്രീകരണം പൂർത്തിയാകും വരെ രൂപമാറ്റം വരുത്തരുതെന്ന് കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ അമ്മയും ചേർന്ന് നടത്തിയ ഒത്തുതീർപ്പുചർച്ചയിൽ കരാറുണ്ടാക്കിയിരുന്നു .മുന്നറിയിപ്പ് ലംഘിച്ചുള്ള ഷെയ്നിന്റെ വെല്ലുവിളിയെ ഗൗരവമായി കാണാനാണ് നിർമ്മാതാക്കളുടെ സംഘടനയുടെ തീരുമാനം.