നാല് പതിറ്റാണ്ടോളം പ്രവർത്തന പരിചയമുള്ള സ്ഥാപനമാണ് തറയിൽ ഫിനാൻസിയേഴ്സ്. നൂറുകണക്കിന് ആളുകൾ 70 കോടിയോളം രൂപ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്. 

പത്തനംതിട്ട: പോപ്പുലർ ഫിനാൻസിന്‍റെ ഞെട്ടിക്കുന്ന തട്ടിപ്പിന് പിന്നാലെ പത്തനംതിട്ടയിൽ വീണ്ടും സ്വകാര്യ പണമിടപാട് സ്ഥാപനത്തിനെതിരെ പരാതി. പത്തനംതിട്ട ഓമല്ലൂരിലെ തറയിൽ ഫിനാൻസ് പണം തിരികെ നൽകുന്നില്ലെന്ന പരാതിയുമായി നിക്ഷേപകർ പൊലീസിനെ സമീപിച്ചു. ബാങ്ക് ഉടമ സജി സാമും കുംടുബവും ഒളിവിലാണ്. നാല് പതിറ്റാണ്ടോളം പ്രവർത്തന പരിചയമുള്ള സ്ഥാപനമാണ് തറയിൽ ഫിനാൻസ്. നൂറുകണക്കിന് ആളുകൾ 70 കോടിയോളം രൂപ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്. ഇക്കഴിഞ്ഞ ഫെബ്രുവരി വരെ നിക്ഷേപകർക്ക് കൃത്യമായി പലിശ കിട്ടുന്നുണ്ടായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

പലിശ മുടങ്ങിയതോടെ 10 ലക്ഷം നിക്ഷേപിച്ച ഒരാൾ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ കൊടുത്തതാണ് ആദ്യ പരാതി. ഈ പരാതിയെ തുടർന്ന് പൊലീസ് നിക്ഷേപകനെയും ബാങ്ക് ഉടമ സജി സാമിനേയും നേരിട്ട് വിളിച്ച് നടത്തിയ ചർച്ചയിൽ ഏപ്രിൽ മാസം 30 ന് പണം തിരികെ നൽകാമെന്ന വ്യവസ്ഥയിൽ കേസെടുത്തില്ല. പക്ഷെ പറഞ്ഞ അവധിയിൽ ബാങ്ക് ഉടമയ്ക്ക് പണം നൽകാൻ കഴിഞ്ഞില്ല. പിന്നീട് പല തവണയായി പണം പിൻവലിക്കാൻ എത്തിയവർ കണ്ടത് അടഞ്ഞു കിടക്കുന്ന ശാഖകളാണ്. ഇതോടെ കൂടുതൽ പരാതിയുമായെത്തി.

നിക്ഷേപകർ പലരും സജി സാമിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. ഓമല്ലൂരിലുള്ള ഇയാളുടെ വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലാണ്. അടൂർ പത്തനംതിട്ട സ്റ്റേഷനുകളിലാണ് പരാതി കിട്ടിയിരിക്കുന്നത്. നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ജില്ലാപൊലീസ് മേധാവി ആർ നിഷാന്തിനിക്ക് കൂടുതൽ ആളുകൾ ഇ മെയിൽ വഴിയും പരാതി അയക്കുന്നുണ്ട്.