തിരുവനന്തപുരം: തിരുവനന്തപുരം റൂറൽ എസ്പിക്കെതിരെ പരാതിയുമായി ഒരു വിഭാഗം പൊലീസുകാർ. പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിൽ ഒരു പാനലിനെ പിന്തുണയ്ക്കുന്ന പൊലീസുകാരെ എസ് പി തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചു എന്നാണ് പരാതി. ഡിജിപിക്കാണ് യു ഡി എഫ് അനുകൂല പാനൽ പരാതി നൽകിയത്. 

തിരുവനന്തപുരം പൊലീസ് സർവ്വീസ് സഹകരണ സംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കഴിഞ്ഞ ദിവസം പൊലീസുകാര്‍ തമ്മില്‍ സംഘർഷം ഉണ്ടാവുകയും ഇതുമായി ബന്ധപ്പെട്ട 14 പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഈ മാസം 27 നാണ് പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുമെന്ന് ഡിജിപി ഹൈക്കോടതിയിൽ നൽകിയ ഉറപ്പ് കാറ്റിൽപ്പറത്തിയാണ് കഴിഞ്ഞ ദിവസം പൊലീസുകാര്‍ക്കിടയില്‍ സംഘർഷമുണ്ടായത്. 

യുഡിഎഫ് അനുകൂല പൊലീസുകാർക്ക് വോട്ട് ചെയ്യാനുള്ള തിരിച്ചറിയൽ കാർഡ് നൽകുന്നില്ലെന്നാരോപിച്ചുള്ള വാക്ക് തർക്കമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസുകാർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.