Asianet News MalayalamAsianet News Malayalam

'പൊതുപരിപാടികളിൽ സജീവം, കോടതിയെ കബളിപ്പിച്ചു'; ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യം റദ്ദാക്കണമെന്ന് പരാതി

വിജിലൻസ് കേസിലെ പരാതിക്കാരൻ ഗിരീഷ് ബാബു ആണ് പരാതി നൽകിയത്. ഗുരുതര അസുഖം എന്ന് പറഞ്ഞു ജാമ്യം നേടിയ ഇബ്രാഹിം കുഞ്ഞ് പൊതുപരിപാടിയിൽ സജീവമാണെന്നാണ് പരാതിയിലെ ആക്ഷേപം.

complaint against v k ibrahim kunju on his bail in palarivattom case
Author
Cochin, First Published Feb 11, 2021, 5:36 PM IST

കൊച്ചി: പാലാരിവട്ടം അഴിമതിക്കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യം റദ്ദാക്കാൻ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പരാതി ലഭിച്ചു. വിജിലൻസ് കേസിലെ പരാതിക്കാരൻ ഗിരീഷ് ബാബു ആണ് പരാതി നൽകിയത്. ഗുരുതര അസുഖം എന്ന് പറഞ്ഞു ജാമ്യം നേടിയ ഇബ്രാഹിം കുഞ്ഞ് പൊതുപരിപാടിയിൽ സജീവമാണെന്നാണ് പരാതിയിലെ ആക്ഷേപം.

സ്വകാര്യ ആശുപത്രി റിപ്പോർട്ട്‌ ഹാജരാക്കി ഇബ്രാഹിം കുഞ്ഞ് കോടതിയെ കബളിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു. ആർസിസിയിലെ ഡോക്ടർ മാരെ ഉപയോഗിച്ച് ആരോഗ്യ സ്ഥിതി പരിശോധിക്കാൻ നടപടി വേണം. ജാമ്യം റദ്ദാക്കാൻ ഉടൻ നടപടി വേണം എന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

അതേസമയം, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചാണ് ഇബ്രാഹിംകുഞ്ഞിന്റെ നീക്കങ്ങൾ. അദ്ദേഹം പിന്മാറില്ലെന്ന് വ്യക്തമാക്കിയതോടെ, കളമശ്ശേരി സീറ്റിനെ ചൊല്ലി യുഡിഎഫിൽ ആശയക്കുഴപ്പം തുടരുകയാണ്. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും ലീഗ് എതിർപ്പ് അറിയിച്ചതോടെ ചർച്ചകൾ വഴിമുട്ടി. മത്സര രംഗത്ത് നിന്ന് വി കെ ഇബ്രാഹിംകുഞ്ഞിനെ മാറ്റി നിർത്തേണ്ടി വന്നാൽ, ഹൈക്കോടതി അഭിഭാഷകനായ മുഹമ്മദ് ഷായുടെ പേരും ലീഗ് നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്.

മണ്ഡലത്തിലെ ചെറുതും വലുതുമായ എല്ലാ പൊതുപരിപാടികളിലും സജീവമായി പിന്നോട്ടില്ലെന്ന് വ്യക്തമാക്കുകയാണ് വി കെ ഇബ്രാഹിംകുഞ്ഞ്. ഈ നിലപാട് യുഡിഎഫിലുണ്ടാക്കുന്നത് വലിയ തലവേദനയും. ഇബ്രാഹിംകുഞ്ഞ് സ്ഥാനാർത്ഥിയായാൽ പാലാരിവട്ടംപാലം അഴിമതി വീണ്ടും തെരഞ്ഞെടുപ്പിൽ ചർച്ച വിഷയമാകും, മറ്റ് മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയസാധ്യതയെ വരെ ഇത് ബാധിക്കുമെന്നാണ് ആശങ്ക. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ കളമശ്ശേരിയിൽ മുസ്ലീം ലീഗിന്‍റെ മോശം പ്രകടനം കൂടി കണക്കിലെടുത്ത് ഇബ്രാഹിംകുഞ്ഞ് മാറി നിൽക്കണമെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിടുണ്ട്. 

Follow Us:
Download App:
  • android
  • ios