ബി കാറ്റഗറി രോഗികൾ കൂടുതലായി ഉള്ളതുകൊണ്ട് പരിമിതമായ ഒഴിവ് മാത്രമാണ് കൊവിഡ് വിഭാഗത്തിൽ ഉള്ളതെന്ന് സൂപ്രണ്ട് അറിയിച്ചു.
ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ((Vandanam Medical College Hospital) കൊവിഡ് (Covid) ചികിത്സാ വിഭാഗത്തിൽ പുതുതായി രോഗികളെ പ്രവേശിപ്പിക്കില്ലെന്ന് പരാതി. ഒരു മണിക്കൂറായി രോഗിയുമായി പുറത്ത് ആംബുലൻസുകൾ കാത്ത് കിടക്കുകയാണ്. പരാതി ഉയര്‍ന്നതോടെ, വണ്ടാനം മെഡിക്കൽ കോളേജ് അടിയന്തര നടപടി സ്വീകരിച്ചു.
താലൂക്ക് ആശുപത്രികളിൽ നിന്നടക്കം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത രോഗികളാണ് ആംബുലൻസ് ഉള്ളത്. ബി കാറ്റഗറി രോഗികൾ കൂടുതലായി ഉള്ളതുകൊണ്ട് പരിമിതമായ ഒഴിവ് മാത്രമാണ് കൊവിഡ് വിഭാഗത്തിൽ ഉള്ളതെന്ന് സൂപ്രണ്ട് ഡോ. സജീവ് ജോർജ്ജ് പുളിക്കൽ അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് ചികിത്സയ്ക്കായി ആവശ്യത്തിലേറെ സൗകര്യം ഉണ്ടെന്നാണ് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വ്യക്തമാക്കിയത്.
പരാതി ഉയര്‍ന്നതോടെ, കൊവിഡ് ചികിത്സയ്ക്കായി ഒരു വാർഡ് കൂടി തുറക്കാൻ അടിയന്തര തീരുമാനമായി. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിലവിൽ രണ്ട് വാർഡുകളാണുള്ളത്. ഗുരുതര ആരോഗ്യപ്രശ്നമായി വരുന്ന സി കാറ്റഗറി രോഗികളെ പ്രവേശിപ്പിക്കുന്നതിൽ ഇനി കാലതാമസം ഉണ്ടാകില്ലെന്ന് സൂപ്രണ്ട് അറിയിച്ചു.
