കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പൊലീസ് കംപ്ലെയ്ന്റ്സ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് വികെ മോഹനൻ. പ്രതികളെ തല്ലാനും കൊല്ലാനും പൊലീസിന് അധികാരമില്ലെന്ന് വികെ മോഹനൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കസ്റ്റഡി മരണത്തിൽ ആരും പരാതി നൽകിയിട്ടില്ലെന്നും രാജ്കുമാറിന്റെ ബന്ധുക്കൾ പരാതി നൽകിയാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു.

സംഭവത്തിൽ കംപ്ലെയ്ന്റ്സ് അതോറിറ്റിയ്ക്ക് സ്വമേധയാ കേസെടുക്കാൻ നിയമപരമായ അവകാശമില്ലെന്നും അടുത്ത ബന്ധുക്കൾ പരാതി നൽകിയില്ലെങ്കിൽ ജനപ്രതിനിധികൾക്ക് പരാതി നൽകാമെന്നും ജസ്റ്റിസ് വി കെ മോഹനൻ പറഞ്ഞു.

അതേസമയം രാജ്കുമാറിന്റെ മരണത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചിട്ടുണ്ട്.  അടുത്ത മാസം പത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ഐജിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു. 

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു. ഇടുക്കി എസ്പിക്കെതിരെ ഡീന്‍ കുര്യാക്കോസ് എംപിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. കേസ് അന്വേഷണത്തില്‍ നിന്ന് എസ്.പിയെ മാറ്റിനിര്‍ത്തണമെന്ന് സിപിഐ ജില്ലാ നേതൃത്വവും ആവശ്യപ്പെട്ടിരുന്നു.