വ്യാജ പ്രചാരണം നടക്കുന്നുവെന്നാണ് അർജുന്‍റെ കുടുംബം പരാതി നൽകിയത്

കോഴിക്കോട്: സൈബർ ആക്രമണത്തിനെതിരായി ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്‍റെ കുടുംബം നൽകിയ പരാതിയിൽ സൈബർ പോലീസ് അന്വേഷണം തുടങ്ങി. പ്രാഥമിക അന്വേഷണം ആണ് തുടങ്ങിയത്. പരാതിയിൽ പറഞ്ഞിരിക്കുന്ന സോഷ്യൽ മീഡിയയിലെ അക്കൗണ്ട് ഉടമകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടക്കുന്നുവെന്നാണ് അർജുന്‍റെ കുടുംബം പരാതി നൽകിയത്. വാർത്താ സമ്മേളനത്തിലെ വാക്കുകൾ എഡിറ്റ് ചെയ്ത് മാറ്റിയാണ് പ്രചാരണം. ചില യുട്യൂബ് ചാനലുകളും അധിക്ഷേപകരമായ വാർത്തകൾ നൽകിയെന്ന് പരാതിയിൽ പറയുന്നു. കോഴിക്കോട് സൈബർ സെല്ലിലാണ് കുടുംബം പരാതി നൽകിയത്.

സൈന്യം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ ദിവസം കുടുംബം നടത്തിയ പരാമർശത്തെ ചൊല്ലിയാണ് സൈബർ ആക്രമണം നടക്കുന്നത്. അർജുന്‍റെ അമ്മയുടെ അച്ഛൻ പട്ടാളക്കാരനാണ്. അന്ന് തെരച്ചിൽ സംബന്ധിച്ച് കുടുംബം ചില വിഷമങ്ങളും ആശങ്കകളും പറഞ്ഞിരുന്നു. അർജുന്‍റെ അമ്മയുടെ സഹോദരിയുടെ ശബ്ദം എഡിറ്റ് ചെയ്ത് വ്യാജ വീഡിയോകൾ പ്രചരിപ്പിക്കുന്നു എന്നാണ് കുടുംബം നൽകിയ പരാതിയിൽ പറയുന്നത്.

ഉത്തര കന്നഡയിലെ ഷിരൂരിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുടെ ദൌത്യം നിർണായക ഘട്ടത്തിലാണ്. ട്രക്ക് കിടക്കുന്ന അവസ്ഥയും സ്ഥാനവും കൃത്യമായി നിർണയിക്കാൻ ഐബോഡ് ഉപയോഗിച്ച് പരിശോധന നടത്തും. ഡ്രോൺ ഇപയോഗിച്ച് പ്രവർത്തിക്കുന്ന സ്കാനറിൽ പുഴയ്ക്ക് അടിയിലെ സിഗ്നലും ലഭിക്കും. നോയിഡയിൽ നിന്ന് കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ഐബോഡ് എത്തിച്ചത്. നിലവിൽ നേവി സംഘം നേരിടുന്ന പ്രധാന വെല്ലുവിളി ഗംഗാവലി പുഴയുടെ അടിയൊഴുക്കാണ്. നിലവിൽ 6 നോട്ട് സ്പീഡിലാണ് ഗംഗാവലിപ്പുഴയുടെ ഒഴുക്ക്. കുത്തൊഴുക്ക് കുറയ്ക്കാനുള്ള സാധ്യതകൾ നാവികസേന പരിശോധിക്കുന്നുണ്ട്. റെഗുലേറ്റർ ബ്രിഡ്ജുകളോ ചെക്ക് ഡാമുകളോ അടച്ച് ഒഴുക്കിന്‍റെ ശക്തി കുറയ്ക്കാനാകില്ല. എല്ലാ ചെക്ക് ഡാമുകളും നിറഞ്ഞൊഴുകുന്ന സാഹചര്യത്തിൽ ഷട്ടറുകളും അടയ്ക്കാൻ കഴിയില്ല. താൽക്കാലിക രീതിയിൽ മാത്രമേ ഒഴുക്ക് നിയന്ത്രിക്കാൻ കഴിയൂ. അത് എങ്ങനെ വേണമെന്ന് ഗ്രൗണ്ട് റിപ്പോർട്ടിനനുസരിച്ച് തീരുമാനിക്കും. 

ഗംഗാവലി പുഴയുടെ ഒഴുക്ക് കുറക്കാൻ സാധ്യത പരിശോധിച്ച് നാവികസേനയും; ട്രക്കിന്റെ സ്ഥാനം കണ്ടെത്താൻ ഐബോഡ് പരിശോധന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം