തീ ആളിപ്പടരുന്നത് അയൽക്കാരാണ് ആദ്യം കണ്ടത്. വീട്ടുകാരെ വിളിച്ചുണർത്തി തീയണക്കാൻ ശ്രമിക്കുമ്പോഴേക്കും ഒരു പശു ചത്തിരുന്നു, മൂന്ന് പശുക്കൾക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു.
തൃശ്ശൂർ: തൃശൂർ വെങ്കിടങ്ങിൽ പശു തൊഴുത്തിന് തീയിട്ടതായി പരാതി. ക്ഷീരകർഷകനായ സുരേന്ദ്രന്റെ വീടിനോട് ചേർന്നുള്ള തൊഴുത്താണ് കത്തി നശിച്ചത്. ആക്രമണത്തിന് പിന്നിൽ കഞ്ചാവ് വിൽപനക്കാരെന്ന പരാതിയുമായി നാട്ടുകാർ രംഗത്തെത്തി. ഒരു കുടുംബത്തിന്റെ ഏക ഉപജീവനമാർഗ്ഗമാണ് നിമിഷനേരം കൊണ്ട് കത്തിയമർന്നത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം. തീ ആളിപ്പടരുന്നത് അയൽക്കാരാണ് ആദ്യം കണ്ടത്. വീട്ടുകാരെ വിളിച്ചുണർത്തി തീയണക്കാൻ ശ്രമിക്കുമ്പോഴേക്കും ഒരു പശു ചത്തിരുന്നു, മൂന്ന് പശുക്കൾക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു.

തീപിടുത്തം നടക്കുന്ന സമയത്ത് സമീപത്തെ സിസിടിവി ക്യാമറ മറച്ചിരുന്നു, തീ ആളിപ്പടരുന്ന കണ്ടിട്ടും നിർത്താതെ വഴിയിലൂടെ ബൈക്കുകൾ പോയി.. ഇതോടെയാണ് ആക്രമണത്തിന് പിന്നിൽ കഞ്ചാവ് വിൽപ്പനക്കാരാണെന്ന് പ്രദേശവാസികൾ സംശയിക്കുന്നത്. ലഹരി സംഘങ്ങൾ സജീവമായ ഇവിടെ മുൻപും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. സ്ഥലത്തുനിന്ന് ഫോറൻസിക് വിദഗ്ധർ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.. സംഭവത്തിൽ പാവറട്ടി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
