തിരുവനന്തപുരം: കെപിസിസി സെക്രട്ടറിമാരുടെ പട്ടികയ്ക്കെതിരെ ഹൈക്കമാൻഡിന് പരാതി പ്രളയം. പട്ടിക വിവാദമാകുന്നതിനിടെ 60 പേരടങ്ങുന്ന പുതിയ നിർവ്വാഹക സമിതി രൂപീകരിക്കാനുള്ള നീക്കം സജീവമാണ്. കെപിസിസി സെക്രട്ടറിമാരുടെ പട്ടിക തയ്യാറാക്കി ഹൈക്കമാൻഡിന് അയച്ചപ്പോൾ ആരോപണമുയർന്നതാണ്. പട്ടികയിലുള്ളവർക്കെതിരെ തലസ്ഥാനനഗരത്തിൽ പോസ്റ്ററുകൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കമാൻഡിനും കെപിസിസി പ്രസിഡന്‍റിനും പരാതി. 

ക്രിമിനിൽ  കേസിലെ പ്രതികളെ വരെ സെക്രട്ടറിമാരാക്കുന്നു എന്നാണ് ആക്ഷേപം. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിൽ നിന്ന് സെക്രട്ടറിമാരായി പരിഗണിക്കുന്ന ചിലർക്കെതിരെയാണ് പരാതി. ചില എംപിമാരും പട്ടികയെക്കുറിച്ച് പരാതി പറഞ്ഞതായാണ് വിവരം.  ഇതിനിടെയാണ് 60 അംഗ നിർവാഹക സമിതിക്ക് രൂപം നൽകാനുള്ള ശ്രമം. വർക്കിംഗ് പ്രസിഡന്‍റുമാര്‍  വൈസ് പ്രസിഡന്‍റുമാര്‍ ജനറൽ സെക്രട്ടറിമാർ എന്നിവർക്ക് പുറമേയാണ് പുതിയ  നിർവാഹക സമിതിക്ക് രൂപം നൽകുന്നത്. 

ഗ്രൂപ്പ് വീതം വയ്പ്പിൽ ഉൾപ്പെടാത്ത മുതിർന്ന അംഗങ്ങളുടെ പരാതി കൂടി പരിഗണിച്ചാണ് നീക്കം. ഒപ്പം 5 പേരെകൂടി ഉൾപ്പെടുത്തി രാഷ്ട്രീയകാര്യസമിതി പുനസംഘടിപ്പിക്കാനുള്ള നിർദ്ദേശവും ഹൈക്കമാൻഡിന്‍റെ പരിഗണനയിലാണ്. ഇതിലും അവസരം വേണമെന്ന് ചില മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.  ഒഴിവുള്ള മൂന്ന് ഡിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള ചർച്ചയും വഴിമുട്ടി നിൽക്കുകയാണ്. കോഴിക്കോട് പാലക്കാട് തൃശ്ശൂൂർ ജില്ലകളിലേക്കാണ് പുതിയ പുതിയ പ്രസിഡന്‍റുമാരെ തെരഞ്ഞെടുക്കേണ്ടത്.