മർദനത്തിൽ യുവാവിന് ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്. കണ്ണിന് സമീപത്തും ചെവിക്ക് പിന്നിലും മുതുകിലും കൈകളിലുമാണ്  പരിക്കേറ്റിരിക്കുന്നത്. 

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ചതായി പരാതി. യുവാവിനെ കെട്ടിയിട്ട് മർദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ചിറ്റൂർ സ്വദേശി സിജു വേണു (19)വിനാണ് പരിക്കേറ്റത്. ഇക്കഴിഞ്ഞ 24നായിരുന്നു സംഭവം നടന്നത്. മദ്യപിച്ച് വാഹനം തകർത്തെന്ന് ആരോപിച്ചായിരുന്നു മർദ്ദനമെന്ന് പൊലീസ് വ്യക്തമാക്കുന്നു. മദ്യപിച്ച് റോഡിൽ നിൽക്കുകയായിരുന്ന യുവാവ് ഇതുവഴി വന്ന വാഹനം തടഞ്ഞെന്നും പിന്നാലെ വാഹനത്തിൻ്റെ ചില്ല് കല്ലെറിഞ്ഞ് തകർത്തെന്നും പിന്നാലെയാണ് മർദനമെന്നുമാണ് പൊലീസ് ഭാഷ്യം.

Add Asianetnews as a Preferred SourcegooglePreferred

മർദനത്തിൽ യുവാവിന് ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്. കണ്ണിന് സമീപത്തും ചെവിക്ക് പിന്നിലും മുതുകിലും കൈകളിലുമാണ് പരിക്കേറ്റിരിക്കുന്നത്. ഷോളയൂർ സ്വദേശി ജോയി എന്ന ആളുടെ ഉടമസ്ഥതയിലുള്ളതാണ് വണ്ടി. വാഹന ഉടമയുടെ പരാതിയിൽ അ​ഗളി പൊലീസാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ യുവാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടില്ല.

'വണ്ടിയുടെ മുന്നിൽ നിന്നെന്ന് പറഞ്ഞാണ് എന്നെ തല്ലിയത്. പോസ്റ്റിൽ കെട്ടിയിട്ട് തല്ലി. ഹോസ്പിറ്റലിൽ കൊണ്ടുപോകാനൊന്നും നോക്കിയില്ല. ഒരു മണിക്കൂർ എന്നെ മഴയത്ത് കെട്ടിയിട്ടു. അവിടുത്തെ നാട്ടുകാരാണ് എന്നെ രക്ഷിച്ചത്. ഹോസ്പിറ്റലിൽ കൊണ്ടുപോയത് അവരാണ്.' സിജു പ്രതികരിച്ചു. കഴിഞ്ഞ 24ാം തീയതിയാണ് സംഭവം നടന്നത്. ഇപ്പോഴാണ് അട്ടപ്പാടിയിലെ സാമൂഹിക മാധ്യമങ്ങളിലെല്ലാം വീഡിയോ പ്രചരിച്ചത്. വീഡിയോ നിജസ്ഥിതി അറിയാൻ അന്വേഷിച്ചപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്. 

അട്ടപ്പാടിയിൽ 19 കാരനായ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി