Asianet News MalayalamAsianet News Malayalam

നിയമനക്കോഴ ആരോപണം: മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന്റെ പരാതി അന്വേഷിക്കാൻ പൊലീസ്

മെഡിക്കൽ ഓഫീസർ നിയമന കോഴ ആരോപണത്തിൽ ഇന്നലെയാണ് തനിക്ക് പരാതി ലഭിച്ചതെന്നും ഹരിദാസിന്റെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്നും  വളരെ വേഗം സത്യം കണ്ടെത്തുമെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ. 

Complaint on recruitment bribery allegations received, truth will be found, full picture by tomorrow evening: Commissioner
Author
First Published Sep 28, 2023, 4:02 PM IST

തിരുവനന്തപുരം: മെഡിക്കൽ ഓഫീസർ നിയമന കോഴ ആരോപണത്തിൽ ആരോഗ്യ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ പരാതി ലഭിച്ചതായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ. ഇന്നലെയാണ് തനിക്ക് പരാതി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യൂവിന്റെ പരാതി ഡിജിപിക്ക് ലഭിച്ചത് 26-നാണെന്നും മന്ത്രിയുടെ കത്തോടെയാണ് പരാതി ലഭിച്ചതെന്നും കമ്മീഷണർ പറഞ്ഞു. കേസിൽ കൈകൂലി നൽകിയെന്ന് പറയുന്ന ഹരിദാസിന്റെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്നും ഹരിദാസ് ഇതുവരെ പൊലീസിനോട് ഒന്നും പറഞ്ഞിട്ടില്ലെന്നും കമ്മീഷണർ പറയുന്നു. കേസിൽ ശാസ്ത്രീയമായ അന്വേഷണം വേണ്ടിവരുമെന്നും വളരെ വേഗം സത്യം കണ്ടെത്തുമെന്നും  നാളെ വൈകുന്നേരത്തിനുള്ളിൽ പൂർണ്ണചിത്രം കിട്ടുമെന്നും കമ്മീഷണർ അറിയിച്ചു.

അതേസമയം  മെഡിക്കൽ ഓഫീസർ നിയമനത്തിലെ കോഴ വിവാദത്തിൽ പരാതി കിട്ടിയിട്ടും പൊലീസിന് കൈമാറാൻ വൈകിപ്പിച്ച ആരോഗ്യമന്ത്രിയുടെ ഓഫീസിൻ്റെ നടപടി സംശയത്തിലാണ്. പരാതിക്കാരനായ മലപ്പുറം സ്വദേശി ഹരിദാസൻ്റെ സുഹൃത്ത് ബാസിത് ഓഗസ്റ്റ് 17ന് മന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതി പറയുന്ന ദൃശ്യം പുറത്തുവന്നു. ഓഗസ്റ്റ് 17 ന് സംഭവം അറിഞ്ഞിട്ടും മന്ത്രിയുടെ ഓഫീസിൽ നിന്ന് പൊലീസിന് പരാതി കൈമാറുന്നത് ഈ മാസം 23ന് മാത്രമാണ്. എന്നാൽ ഹരിദാസന്‍റെ പരാതി ഇതുവരെ പൊലീസിന് കൈമാറിയിട്ടുമില്ല.

Also Read: നിയമനക്കോഴ വിവാദം; പരാതി പൊലീസിന് കൈമാറാൻ വൈകിപ്പിച്ചു, മന്ത്രിയുടെ ഓഫീസിന്‍റെ നടപടി സംശയത്തിൽ

ഹരിദാസൻ്റെ പരാതിയിൽ പണം വാങ്ങിയെന്ന് പറയുന്ന പേഴ്സൽ സ്റ്റാഫ് അഖിൽ മാത്യുവുന്റെ പരാതിയിൽ മാത്രമാണിപ്പോൾ കൻ്റോൺമെൻ്റ് പൊലീസിന്റെ അന്വേഷണം. ഹരിദാസന്‍റെ പരാതി അതേ പടി വിശ്വസിക്കാൻ കഴിയാത്തത് കൊണ്ടാണ് പൊലീസിന് കൈമാറാത്തതെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. ഇതിനിടയിൽ പണം വാങ്ങിയില്ലെന്ന് അഖിൽ മാത്യു നൽകിയ വിശദീകരണം മന്ത്രി പൂർണ്ണമായും വിശ്വാസത്തിലെടുക്കുകയും ചെയ്യുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്  

Follow Us:
Download App:
  • android
  • ios