Asianet News MalayalamAsianet News Malayalam

തായ്ലൻഡിൽ മലയാളി യുവാക്കൾ തടവിലെന്ന് പരാതി; മോചനം കാത്ത് തൊഴിൽ തേടിപ്പോയ മലപ്പുറം സ്വദേശികൾ

ഇവരെ ഏജന്‍റ് വാഹനത്തില്‍ കയറ്റി സായുധ സംഘത്തിന്‍റെ നിയന്ത്രണത്തിലുള്ള അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടു പോവുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 

Complaint that Malayali youths are imprisoned in Thailand
Author
First Published May 29, 2024, 6:20 AM IST

മലപ്പുറം: തൊഴില്‍തേടി അബുദാബിയില്‍ നിന്ന് തായ്‍ലാന്‍റിലെത്തിയ മലപ്പുറം വള്ളിക്കാപ്പറ്റ സ്വദേശികളായ യുവാക്കളെ തട്ടിക്കൊണ്ടു പോയി, സായുധ സംഘം തടവിലാക്കിയതായി പരാതി. യുവാക്കള്‍ ഇപ്പോള്‍ മ്യാന്‍മാറിലെ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങളുടെ കസ്റ്റഡിയിലാണെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. സംഭവത്തില്‍ ബന്ധുക്കള്‍ വിദേശകാര്യ മന്ത്രാലയത്തിലുള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്.

മാർച്ച് 27നാണ് വള്ളിക്കാപ്പറ്റ സ്വദേശികളായ ശുഹൈബ്, സഫീര്‍ എന്നിവർ സന്ദര്‍ശക വിസയില്‍ ദുബായിലെത്തിയത്. പിന്നീട് തായ്ലന്‍റ് ആസ്ഥാനമായ കമ്പനിയിയില്‍ ജോലി ഒഴിവുണ്ടെന്നറിഞ്ഞ് അപേക്ഷ നല്‍കി. ഓണ്‍ലൈന്‍ അഭിമുഖത്തിനു ശേഷം ജോലി ലഭിച്ചതായുളള അറിയിപ്പും തായ്ലാന്‍റിലേക്കുള്ള വിമാനടിക്കറ്റുമെത്തി.

ഇരുവരും ഈ മാസം 22നാണ് തായ് ലാന്‍റിലെ സുവര്‍ണഭൂമി വിമാനത്താവളത്തിലെത്തിയത്. പുറത്തിറങ്ങിയ ഇവരെ ഏജന്‍റ് വാഹനത്തില്‍ കയറ്റി സായുധ സംഘത്തിന്‍റെ നിയന്ത്രണത്തിലുള്ള അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടു പോവുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇടക്ക് ഫോണില്‍ ബന്ധപ്പെട്ട ഇരുവരും പറ‍ഞ്ഞാണ് ഇക്കാര്യം കുടുംബം അറിഞ്ഞത്.

ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യുന്നതുള്‍പ്പെടെയുളള കാര്യങ്ങളാണ് ഇവരെ ഏല്‍പ്പിച്ചിരിക്കുന്നതെന്നാണ് വിവരം. മലയാളികളുള്‍പ്പെടെ നിരവധിയാളുകള്‍ ഇവരുടെ കെണിയില്‍ പെട്ടിട്ടുണ്ടെന്ന് യുവാക്കള്‍ വീട്ടുകാരെ അറിയിച്ചിട്ടുണ്ട്. ഇരുവരുടേയും മോചനത്തിനു വേണ്ടിയുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കാന്‍ നാട്ടുകാര് ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios