കുറ്റിച്ചൽ ജി കാർത്തികേയൻ മെമ്മോറിയല്‍ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ രക്ഷിതാക്കളാണ് പരാതിയുമായി രംഗത്തെത്തിയത്.
തിരുവനന്തപുരം: രക്ഷിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ വിദ്യാർത്ഥികളെ സ്കൂൾ മാറ്റിയെന്ന് പരാതി. ആദിവാസി വിദ്യാർത്ഥികൾക്കായുള്ള തിരുവനന്തപുരം കുറ്റിച്ചൽ ജി കാർത്തികേയൻ മെമ്മോറിയല്‍ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ രക്ഷിതാക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. നടപടിക്കെതിരെ ബാലാവകാശ കമ്മീഷനെ അടക്കം സമീപിക്കാൻ ഒരുങ്ങുകയാണ് രക്ഷിതാക്കൾ.
ഗോത്രവർഗ വിദ്യാർത്ഥികൾക്കായി പട്ടികജാതി പട്ടികവർഗ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് അഞ്ച് ദിവസം മുമ്പ് വാട്സാപ്പ് ഗ്രൂപ്പിൽ ലഭിച്ച പ്രിൻസിപ്പാളിന്‍റെ സന്ദേശത്തിലാണ് സ്ഥലം മാറ്റിയ വിവരത്തെക്കുറിച്ച് പറയുന്നത്. പുതിയ അധ്യയനവർഷം തുടങ്ങാനിരിക്കെ അവസാന നിമിഷം വന്ന സന്ദേശംകേട്ട് രക്ഷിതാക്കൾ ഞെട്ടി. പിന്നാലെ ചില വീടുകളിൽ ആദിവാസി പ്രമോട്ടർമാരെത്തി ഇതേകാര്യം അറിയിച്ചു. ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കില്ലെന്ന നിലപാടിലാണ് രക്ഷിതാക്കൾ.
സ്കൂൾ അടയ്ക്കുമ്പോള്‍ നന്ദിയോടുള്ള സ്കൂളിൽ തന്നെ കുട്ടികളെ എത്തിക്കാനായിരുന്നു നിർദ്ദേശം. അവസാന നിമിഷം തീരുമാനം മാറ്റിയതോടെ മറ്റ് സ്കൂളുകളിലേക്ക് കുട്ടികളെ മാറ്റാനുള്ള അവസരവും അധികൃതർ ഇല്ലാതാക്കിയെന്ന് രക്ഷിതാക്കൾ പരാതിപ്പെടുന്നു. അടിസ്ഥാന സൗകര്യത്തിൽ അപര്യാപ്തകൾ ഉള്ളതിനാൽ എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ തുടർ പഠനത്തിൽ ചില ആശങ്കകൾ ഉണ്ടായിരുന്നു. എന്നാൽ അഞ്ചാം തരം മുതലുള്ള വിദ്യാർത്ഥികളെ എന്തിന് മാറ്റുന്നുവെന്നും മാതാപിതാക്കൾ ചോദിക്കുന്നു.
അതേസമയം സ്ഥല പരിമിതി കണക്കിലെടുത്തുള്ള താത്കാലിക ക്രമീകരണം മാത്രമാണിതെന്നും വാടകകയ്ക്ക് പുതിയ കെട്ടിടം കിട്ടുന്ന മുറയ്ക്ക് കുട്ടികളെ ഉടൻ തിരികെ എത്തിക്കുമെന്നുമാണ് പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടറുടെ വിശദീകരണം. എന്നാൽ ഒരു കൊല്ലമായിട്ടും ആദിവാസി കുട്ടികൾക്കായി ഒരു കെട്ടിടം കണ്ടെത്താനാവാത്തവരുടെ വാക്ക് വിശ്വസിക്കാനാവില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. നീതി തേടി ബാലാവകാശ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ, ദേശീയ പട്ടിക വർഗ കമ്മീഷൻ എന്നിവരെ സമീപിക്കാനാണ് ഇവരുടെ തീരുമാനം .

