കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണം എന്നാവശ്യപ്പെട്ട് ആശുപത്രി വികസന സമിതി ആരോഗ്യമന്ത്രിയെ സമീപിച്ചു 

ഇടുക്കി: കഞ്ഞിക്കുഴി സമൂഹികാരോഗ്യകേന്ദ്രത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലെന്ന് പരാതി. ദിവസേന മുന്നൂറിലധികം രോഗികള്‍ ചികിത്സ തേടുന്ന ആശുപത്രിയില്‍ ഇപ്പോഴുള്ളത് ഒരു ഡോക്ടര്‍ മാത്രമാണ്. കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണം എന്നാവശ്യപ്പെട്ട് ആശുപത്രി വികസന സമിതി ആരോഗ്യമന്ത്രിയെ സമീപിച്ചു

മഴുവടി, പാലപ്ലാവ് പൊന്നുടുത്താൻ, വരിക്ക മുത്തൻ തുടങ്ങി പത്തിലധികം ആദിവാസി കോളനികളാണ് ഇവിടുള്ളത്. 30 തില്‍ അധികം ചെറുഗ്രാമങ്ങള്‍ ഇവയെല്ലാമുള്‍ക്കൊള്ളുന്ന കഞ്ഞികുഴി പഞ്ചായത്തിന്‍റെ ഏക ആശ്രയമാണ് സാമൂഹികാരോഗ്യ കേന്ദ്രം. 20 കിടക്കകളുള്ള ആശുപത്രിയില്‍ പ്രതിദിനമെത്തുന്നത് മുന്നുറിലധികം രോഗികളാണ്. ഏഴ് ഡോക്ടര്‍മാര്‍ സേവനം ചെയ്തിടത്ത് ഇപ്പോഴുള്ളത് ഒരാള്‍ മാത്രമാണ്. ആദ്ദേഹം അവധിയില്‍ പോയാല്‍ പിന്നെ ചികിത്സയില്ല. ഡോക്ടറില്ലെങ്കില്‍ രോഗികള്‍ക്ക് ചികിത്സയ്ക്കായി 40 കിലോമീറ്റര്‍ സഞ്ചരിക്കണം.

നഴ്‍സുമാരുടെയും ഫാര്‍മസിസ്റ്റിന്‍റെയും എണ്ണം കൂടി വെട്ടിചുരുക്കിയതോടെ പ്രതിസന്ധി രൂക്ഷമായി. ആരോഗ്യവകുപ്പ് നിയമിച്ചില്ലെങ്കില്‍ ആശുപത്രിക്ക് മുന്നില്‍ സമരം തുടങ്ങാനാണ് വികസനസമിതി ആംഗങ്ങളുടെ തീരുമാനം. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണയുമായുണ്ട്.